ധര്‍വാഡ്(കര്‍ണാടക): ഗര്‍ഭ പരിശോധനയില്‍ വീഴ്‌ച വരുത്തിയ ഡോക്‌ടര്‍ക്ക് 11,10,000 രൂപ പിഴ ചുമത്തി ഉപഭോക്‌തൃ കമ്മിഷന്‍. സ്‌കാനിങ് നടത്തിയെങ്കിലും ഗര്‍ഭസ്ഥ ശിശുവിന് വൈകല്യങ്ങള്‍ ഉണ്ടെന്ന കാര്യം ദമ്പതികളുടെ ശ്രദ്ധയില്‍പ്പെടുത്താത്തതിനാണ് ഡോ. സൗഭാഗ്യ കുല്‍ക്കര്‍ണിക്ക് കര്‍ണാടകയിലെ ധര്‍വാഡ് ജില്ല ഉപഭോക്‌തൃ കമ്മിഷന്‍ പിഴ ചുമത്തിയത്. ധര്‍വാഡ് ജില്ലയിലെ പ്രീതി എന്ന യുവതിയുടെ ഗര്‍ഭ പരിശോധനയാണ് ഇവര്‍ നടത്തിയത്.
2018 ജൂലായ് 12 മുതല്‍ 2019 ജനുവരി 8 വരെ അഞ്ച് തവണ തന്‍റെ ഭാര്യയെ ഡോ. സൗഭാഗ്യ കുല്‍ക്കര്‍ണി സ്‌കാനിങ് പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നുവെന്ന് പ്രീതിയുടെ ഭര്‍ത്താവ് പരശുരാമ ഗാഡ്‌ഗെ ഉപഭോക്‌തൃ കമ്മിഷന് കൊടുത്ത പരാതിയില്‍ പറയുന്നു. ഗര്‍ഭസ്‌ഥ ശിശു ആരോഗ്യമായിരിക്കുന്നു എന്നാണ് ഡോക്‌ടര്‍ പറഞ്ഞത്. ഗര്‍ഭധാരണത്തിന്‍റെ ഒമ്പതാം മാസം പരിശോധനയ്‌ക്ക് പോയപ്പോള്‍ സിസേറിയന്‍ വേണമെന്ന് ഡോക്‌ടര്‍ നിര്‍ദേശിച്ചു.
പണത്തിന്‍റെ പ്രശ്‌നമുള്ളത് കൊണ്ട് സിസേറിയന്‍ ഉടനെ ചെയ്യാന്‍ സാധിച്ചില്ല. 2019 ജനുവരി 31ന് ധര്‍വാഡ് എസ്‌ഡിഎം ആശുപത്രിയില്‍ വച്ചാണ് പ്രസവം നടന്നത്. പെണ്‍കുട്ടിയാണ് ജനിച്ചത്. എന്നാല്‍ കുട്ടിയുടെ രണ്ട് കാലുകള്‍ക്കും വൈകല്യമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു
ഡോക്‌ടറുടെ ഭാഗത്ത് നിന്ന് മെഡിക്കല്‍ വീഴ്‌ച ഉണ്ടായി: പരാതിയില്‍ ഉപഭോക്‌തൃ കമ്മിഷന്‍ വിശദമായ അന്വേഷണം നടത്തി ഡോക്‌ടറുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായതായി കണ്ടെത്തി. ഗര്‍ഭധാരണം 18 മുതല്‍ 20 ആഴ്‌ച പിന്നിടുമ്പോള്‍ തന്നെ സ്‌കാനിങ്ങിലൂടെ ഗര്‍ഭസ്‌ഥ ശിശുവിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പറയാന്‍ സാധിക്കുമെന്ന് എംടിപി(Medical Termination of Pregnancy Act) നിയമം ഉദ്ധരിച്ച് ഉപഭോക്‌തൃ കമ്മിഷന്‍ വ്യക്തമാക്കി. ഗര്‍ഭധാരണം തുടങ്ങി 20 ആഴ്‌ചമുതല്‍ 36 ആഴ്‌ചവരെ പ്രീതിയെ ഡോക്‌ടര്‍ സ്‌കാനിങ്ങിന് വിധേയമാക്കിയതാണ്. എന്നാല്‍ ഡോക്‌ടര്‍ ഗര്‍ഭസ്‌ഥ ശിശുവിന്‍റെ ശാരീരിക പ്രശ്‌നം പ്രീതിയോടും ഭര്‍ത്താവിനോടും പറഞ്ഞില്ല.
കുട്ടിയുടെ ശാരീരിക പ്രശ്‌നങ്ങള്‍ ദമ്പതികളോട് പറഞ്ഞിരുന്നെങ്കില്‍ ഗര്‍ഭം തുടരണോ എന്നുള്ള കാര്യം എംടിപി നിയമമനുസരിച്ച് ഇവര്‍ക്ക് തീരുമാനിക്കാമായിരുന്നു. ഡോക്‌ടറുടെ ഭാഗത്ത് നിന്ന് മെഡിക്കല്‍ വീഴ്‌ച ഉണ്ടായി. ഉപഭോക്‌തൃ സംരക്ഷണ നിയമമനുസരിച്ച് സേവനത്തിലെ പോരായ്‌മയാണ് ഉണ്ടായിരിക്കുന്നത് എന്നും ഉപഭോക്‌തൃ കമ്മിഷന്‍ വ്യക്തമാക്കി.
എട്ട് ലക്ഷം രൂപ കുട്ടിയുടെ പേരില്‍ സ്ഥിര നിക്ഷേപം നടത്തണം : കുട്ടിയുടെ ഇതുവരെയുള്ള ചികിത്സ ചെലവുകള്‍ക്കായി 50,000, പരാതിക്കാരന്‍റെ യാത്രയ്‌ക്കും മറ്റ് ചെലവുകള്‍ക്കുമായി 50,000 , ദമ്പതികള്‍ക്കുണ്ടായ മാനസിക പീഡനത്തിന് നഷ്‌ടപരിഹാരമായി 2,00,000, കുട്ടിയുടെ ഭാവിയിലുള്ള ചികിത്സ ചെലവുകള്‍ക്ക് 3,00,000. കുട്ടിയുടെ ഭാവിയിലെ ചെലവുകള്‍ക്കായി 5,00,000, പരാതിക്കാരന് കേസിന് ചെലവായ 10,000 അങ്ങനെ മൊത്തത്തില്‍ 11,10,000 രൂപയാണ് ഡോക്‌ടര്‍ക്ക് പിഴ ചുമത്തിയത്. ഒരു മാസത്തിനകം പിഴ അടയ്‌ക്കണം.
പിഴ അടയ്‌ക്കാന്‍ വൈകിയാല്‍ ആ കാലയളവിലേക്ക് എട്ട് ശതമാനം പലിശ അടയ്‌ക്കണം. പിഴയില്‍ എട്ട് ലക്ഷം രൂപ കുട്ടിയുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.