പട്‌ന : സർക്കാരുദ്യോഗസ്ഥന്മാർക്ക് സ്ഥലം മാറ്റം ഒരു പുത്തരിയല്ല. നിതീഷ് കുമാറിന്‍റെ സ്വന്തം ബിഹാറിലാവട്ടെ ഇതൊരു നിത്യസംഭവവും. എന്നാൽ, വാർത്തകളുടെ തലക്കെട്ടാവാൻ വേണ്ടി മാത്രം വലിയ സംഭവമാണോ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഈ സ്ഥലം മാറ്റമെന്ന് ചോദിച്ചാൽ, അതെ എന്ന് പറയേണ്ടി വരും. കാരണം സർക്കാർ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിൽ, അമളിയുടെ പരമ്പര തുടരുകയാണ് ബിഹാർ ഭരണകൂടം.
ബിഹാർ അധികൃതരുടെ തുടരുന്ന അമളി
കൊവിഡ് ബാധിച്ച് മരിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ ഏകദേശം രണ്ട് മാസം മുമ്പ് സ്ഥലം മാറ്റിയ കൗതുകവാർത്തയ്ക്ക് പിന്നാലെ പുറത്തുവരുന്നത് മറ്റൊരു സംഭവമാണ്.
ഇത്തവണ പട്‌നയിൽ നിന്നും ഭോജ്‌പൂറിലേക്ക് തട്ടിയിരിക്കുന്നത് ഒരു ഡോക്‌ടറെയാണ്. കഴിഞ്ഞ ഏപ്രിൽ 27ന് കൊവിഡ് ബാധിച്ച് മരിച്ച ഡോക്‌ടറിനാണ് കൃത്യം രണ്ടുമാസം കഴിഞ്ഞ് സ്ഥാനമാറ്റം നൽകിയിരിക്കുന്നത്.
Also Read: കൊവിഡ് മൂന്നാം തരംഗം; കുട്ടികൾക്ക് കുരുന്ന്-കരുതല്‍ പദ്ധതിയുമായി ആരോഗ്യ വകുപ്പ്
ഏപ്രിലിൽ വൈറസ് ബാധിതനായ ഡോക്‌ടർ അരുൺ കുമാർ ശർമയെ, ജക്കാന്‍പൂര്‍ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഇയാൾ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. എന്നാൽ, സ്വന്തം ഡിപ്പാർട്ട്‌മെന്‍റിലുള്ളവർ പോലും സഹപ്രവർത്തകന്‍റെ മരണം അറിഞ്ഞിരുന്നില്ലെന്നതാണ് വസ്‌തുത.
എന്തായാലും നിര്യാതനായ ഡോക്‌ടറിന് മാസങ്ങൾക്ക് ശേഷം പുതിയൊരു കർമമേഖല സമ്മാനിച്ച അധികൃതരുടെ അനാസ്ഥ, സംസ്ഥാനത്തെ ചൂടുപിടിച്ച വാർത്തയാവുകയാണ്.