ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ഡിഎംകെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 173 പേരടങ്ങുന്ന സ്ഥാനാര്‍ഥി പട്ടികയില്‍ 12 പേര്‍ വനിതകളാണ്. ഒന്‍പത് ഡോക്ടര്‍മാരും മത്സരരംഗത്തുണ്ട്. ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് എഡിഎംകെ വിട്ട് ഡിഎംകെയില്‍ ചേര്‍ന്ന അഞ്ച് പ്രവര്‍ത്തകരും മത്സരിക്കുന്നുണ്ട്.
ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ കൊളത്തൂരില്‍ നിന്നും മത്സരിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ കട്‌പടിയില്‍ നിന്നും ജനവിധി തേടും. എംകെ സ്റ്റാലിന്‍റെ മകന്‍ ഉദയനിധി സ്റ്റാലിനും ഇത്തവണത്തെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്ന ഉദയനിധി ചെപോക്ക് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്.