ചെന്നൈ: ഡിഎംകെ സർക്കാർ ആത്മീയതയ്ക്കും മതങ്ങൾക്കും എതിരാണെന്ന ആരോപണത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഡിഎംകെ ആത്മീയതയ്ക്ക് എതിരല്ലെന്നും മറിച്ച് രാഷ്ട്രീയവും സ്വാർഥവുമായ നേട്ടങ്ങൾക്കുമായി മതത്തെ ഉപയോഗിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും എംകെ സ്റ്റാലിൻ വ്യക്‌തമാക്കി. ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കും പാർട്ടിക്കും എതിരെ വിമർശനം ഉന്നയിക്കുന്നവർ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ മതങ്ങൾക്ക് എതിരാണെന്ന് മതത്തിൽ നിലനിൽക്കുന്ന ചിലർ പറയുന്നു. എന്നാൽ അത് അങ്ങനെയല്ല. സ്വാർഥ രാഷ്ട്രീയ അജണ്ടയ്ക്കായി മതത്തെ ഉപയോഗിക്കുന്നവർക്കെതിരാണ് ഡിഎംകെ എന്ന് ഞാൻ ആവർത്തിക്കുന്നു, സ്റ്റാലിൻ വ്യക്‌തമാക്കി.
സോഷ്യൽ മീഡിയയിലൂടെ തന്‍റെ പ്രസംഗത്തെ വളച്ചൊടിച്ച് മതത്തിനെതിരായി സംസാരിച്ചുവെന്ന പ്രതീതി ചിലർ സൃഷ്‌ടിച്ചു. ദ്രാവിഡ ഭരണ മാതൃക മതത്തിനും വിശ്വാസങ്ങൾക്കും എതിരാണെന്നാണ് മതത്തെ രാഷ്ട്രീയ നിലനിൽപ്പിനായി ഉപയോഗിക്കുന്നവർ ആരോപിക്കുന്നത്. എന്നാൽ തമിഴ്‌നാട്ടിലെ മതസംസ്‌കാരം അറിയുന്നവർക്ക് അത് തെറ്റാണെന്ന് മനസിലാകും, സ്റ്റാലിൻ കൂട്ടിച്ചേർത്തു.