ബെംഗളൂരു : രാജിവച്ച കര്‍ണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി കെ.എസ് ഈശ്വരപ്പയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഈശ്വരപ്പക്കെതിരെ അഴിമതിക്ക് കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു.
രാജി പരിഹാരമല്ല. കരാറുകാരൻ സന്തോഷ് പാട്ടീലിന്‍റെ അമ്മ, ഭാര്യ, സഹോദരൻ തുടങ്ങിയവര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കരാറുകാരനെ പീഡിപ്പിക്കുകയും 40 ശതമാനം കമ്മിഷൻ ചോദിച്ചതായുമുള്ള ആരോപണം ശക്തമാണ്. എഫ്.ഐ.ആറില്‍ ഇക്കാര്യം രേഖപ്പെടുത്തണം.
ALSO READ | കെ എസ് ഈശ്വരപ്പയുടെ രാജി സർക്കാരിന് തിരിച്ചടിയല്ല : ബസവരാജ് ബൊമ്മൈ
ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്, ഡി.കെ ശിവകുമാറിനോ കോൺഗ്രസിനോ വേണ്ടിയല്ല. ഇത് കർണാടകയുടെ ശബ്‌ദമാണ്. രാജിയില്‍ ഒതുങ്ങേണ്ട ഒരു സംഭവമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13 എഫ്.ഐ.ആറിൽ ചേർക്കണമെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുഖ്യ വക്താവുമായ രൺദീപ് സുർജേവാല ട്വീറ്റ് ചെയ്‌തു