ബെംഗളൂരു: മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ എഐസിസി ആസ്ഥാനത്ത് നടക്കവെ ഡല്‍ഹി യാത്ര റദ്ദാക്കി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും സംസ്ഥാന തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ നട്ടെല്ലുമായ ഡി.കെ ശിവകുമാര്‍. ഇന്ന് വൈകുന്നേരത്തോടെ ഡല്‍ഹിയിലേക്ക് പറക്കുമെന്ന സ്ഥിരീകരണങ്ങള്‍ക്കിടെയാണ് ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ ഡി.കെ ശിവകുമാര്‍ യാത്ര ഒഴിവാക്കിയത്. അതേസമയം മുഖ്യമന്ത്രി പദത്തെ ചൊല്ലി ഭരണപാളയത്ത് തനിക്ക് അനുകൂലമായ സ്ഥിതിയല്ല നിലനില്‍ക്കുന്നത് എന്ന പ്രതീതി കൂടിയാവാം ഡി.കെ യാത്ര ഒഴിവാക്കിയതിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.
യാത്ര തുടരും: എന്നാല്‍ ഹൈക്കമാന്‍ഡ് അറിയിച്ചത് പ്രകാരം ഇന്ന് വൈകിട്ട് ഡൽഹിക്ക് പോകേണ്ടതായിരുന്നുവെന്നും എന്നാൽ അസുഖം കാരണം യാത്ര നാളേക്ക് മാറ്റിവച്ചതായും ഡി.കെ ശിവകുമാര്‍ അറിയിച്ചു. ബെംഗളൂരുവിലെ സദാശിവനഗറിലുള്ള തന്‍റെ വസതിയിൽ വച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എഐസിസി നേതാവ് സോണിയ ഗാന്ധി നാളെ രാവിലെ ഷിംലയിൽ നിന്ന് ഡൽഹിയിലെത്തും. അവരുടെ വരവിനായി ഞാന്‍ കാത്തിരിക്കുന്നു. എന്‍റെ ആരോഗ്യം ഇതുവരെ മെച്ചപ്പെട്ടിട്ടില്ലെങ്കിലും സോണിയാ ഗാന്ധിയെ കാണുന്നതാണ് എന്‍റെ പ്രഥമ പരിഗണനയെന്ന് ഡി.കെ ശിവകുമാര്‍ അറിയിച്ചു. താന്‍ നാളെ രാവിലെ ബാംഗ്ലൂരിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്ര മുടക്കിയത് വയറുവേദന?: എനിക്ക് വയറ്റില്‍ ചില ബുദ്ധിമുട്ടുകളുണ്ട്. പരിശോധനയ്‌ക്കായി പത്ത് മിനിറ്റിനുള്ളിൽ ഡോക്‌ടറെത്തും. എന്തോ അണുബാധയുണ്ടെന്ന് തോന്നുന്നു, മാത്രമല്ല എനിക്ക് പനിയുമുണ്ട്. ദയവായി എന്നെ വെറുതേ വിടൂ എന്ന് ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതോടെയാണ് ഡി.കെ ഡല്‍ഹി യാത്ര ഉപേക്ഷിച്ചതായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്‌ച ഉച്ചയോടെ ഡൽഹിയിലേക്ക് പോയി എഐസിസി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
എല്ലാവരും ഒപ്പമുണ്ട്: ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിനെയും സിദ്ധരാമയ്യയേയും പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ തന്‍റെ അംഗബലം 135 ആണെന്നും താന്‍ അധ്യക്ഷ പദവിയിലിരിക്കെയാണ് കോണ്‍ഗ്രസ് വലിയ നേട്ടം കൊയ്‌തതെന്നും ഡി.കെ ശിവകുമാര്‍ മുമ്പ് പ്രതികരിച്ചിരുന്നു. തന്നെയും സിദ്ധരാമയ്യയേയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും വ്യക്തിപരമായ പ്രതിബദ്ധതകൾ കാരണം താൻ വൈകിയാണ് അവിടേക്ക് പോകുകയെന്നും അദ്ദേഹം അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
പിറന്നാളും യാത്രയും: എന്‍റെ പിറന്നാൾ ആയതിനാൽ ഒരുപാട് പേർ ആശംസകൾ അറിയിക്കാൻ എത്തിയിട്ടുണ്ട്. മാത്രമല്ല എനിക്ക് എന്‍റെ കുടുംബത്തോടൊപ്പം കുടുംബ ക്ഷേത്രത്തില്‍ പോകണം. അവിടെ പോയതിന് ശേഷം ഞാൻ ഡല്‍ഹിയിലേക്ക് പോകുമെന്നും എന്നാല്‍ എത്ര മണിക്ക് പോകുമെന്ന് എനിക്കറിയില്ലെന്നും ഡി.കെ അറിയിച്ചിരുന്നു. ഡൽഹിയിലേക്ക് ഏത് വിമാനം ലഭ്യമാണെങ്കിലും താന്‍ അതില്‍ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
പന്ത് 'എഐസിസി' കോര്‍ട്ടിലേക്ക്: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടുകൊണ്ട് കര്‍ണാടകയിലെ കോൺഗ്രസ് എംഎല്‍എമാര്‍ കഴിഞ്ഞദിവസം ഏകകണ്‌ഠേന പ്രമേയം പാസാക്കുകയായിരുന്നു. കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടിയുടെ പുതിയ നേതാവിനെ നിയമിക്കാൻ എഐസിസി പ്രസിഡന്‍റിന് അധികാരമുണ്ടെന്ന് സിഎല്‍പി ഏകകണ്‌ഠമായി തീരുമാനിക്കുന്നു എന്നാണ് പ്രമേയത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് നടത്തിയ സിഎൽപി യോഗത്തിലായിരുന്നു ഒറ്റവരി പ്രമേയം ഏകകണ്‌ഠേന പാസാക്കിയത്.
എഐസിസി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ.സി വേണുഗോപാലും മൂന്ന് കേന്ദ്ര നിരീക്ഷകരും പങ്കെടുത്ത യോഗത്തിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഡി.കെ ശിവകുമാർ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, പാർട്ടി നേതാക്കളായ ജിതേന്ദ്ര സിങ്, ദീപക് ബാബരിയ എന്നിവരാണ് യോഗത്തിൽ നിരീക്ഷകരായി പങ്കെടുത്തിരുന്നത്. മാത്രമല്ല നിരീക്ഷകർ എല്ലാ എംഎൽഎമാരുമായും വ്യക്തിപരമായ ചർച്ച നടത്തി അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.