ന്യൂഡൽഹി: കേന്ദ്ര സായുധ പൊലീസ് സേനകളുടെ (Central Armed Police Forces) 11,000 വാഹനങ്ങൾ പൊളിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാർ. 15 വർഷത്തിലേറെ പഴക്കമുള്ള എല്ലാ സർക്കാർ വാഹനങ്ങളും പൊളിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിന്‍റെ ഭാഗമായാണ് നീക്കം. ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ് തുടങ്ങിയ പൊലീസ് സേനകളുടെ വാഹനങ്ങളാകും പൊളിക്കുക എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ത്യ ഗവൺമെന്‍റിന്‍റെ 'വെഹിക്കിൾ സ്‌ക്രാപ്പിങ് പോളിസി' (Vehicle Scrapping Policy) അനുസരിച്ച് 15 വർഷത്തിലധികം പഴക്കമുള്ള സായുധ പൊലീസ് സേനകളുടെ വാഹനങ്ങൾ പൊളിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ തിങ്കളാഴ്‌ച അറിയിച്ചത്. ഇതോടനുബന്ധിച്ച് 15 വർഷത്തിലധികം പഴക്കമുള്ള 11,000 സിഎപിഎഫ് (CAPF) വാഹനങ്ങൾ കണ്ടെത്തി. ഈ വാഹനങ്ങൾ ഘട്ടം ഘട്ടമായി പൊളിക്കുമെന്നും അധികൃതർ പറഞ്ഞു.
ഇതോടൊപ്പം സംസ്ഥാനങ്ങളോടും പൊലീസ് സേനകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കാനും ആഭ്യന്തര മന്ത്രാലയം (Ministry of Home Affairs) അഭ്യര്‍ഥിച്ചു. പഴയവയ്ക്ക് പകരം മികച്ച സാങ്കേതിക വിദ്യയും ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ വാങ്ങണം. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം എല്ലാ സംസ്ഥാന സർക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദേശിച്ചു.
ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എൻഎസ്‌ജി, അസം റൈഫിൾസ് എന്നിവയാണ് കേന്ദ്ര സായുധ പൊലീസ് സേനകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സിഎപിഎഫുകൾക്ക് രാജ്യത്തൊട്ടാകെ വിന്യസിച്ചിരിക്കുന്ന 1 ലക്ഷത്തിലധികം വാഹനങ്ങളുണ്ട്.
Also Read: കെഎസ്ഇബിയുടെ 65-ാം വാർഷികം : 65 ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കി