ഭോപ്പാല്‍: വര്‍ഷങ്ങളോളമായി ഈ ഉരുളന്‍ വസ്‌തുക്കള്‍ മധ്യപ്രദേശ് ധാര്‍ ഗ്രാമവാസികളുടെ കുലദേവതയാണ്. കൃഷിയിടങ്ങളെയും തങ്ങളുടെ കന്നുകാലികളെയും ഓരോ ബുദ്ധിമുട്ടുകളില്‍ നിന്നും കുലദേവത സംരക്ഷിക്കുമെന്ന പൂര്‍വികരുടെ വിശ്വാസം അത് പോലെ തന്നെ ഇന്നും അവിടുള്ളവര്‍ പിന്തുടരുന്നുണ്ടായിരുന്നു. എന്നാല്‍, കാലാകാലങ്ങളായി തങ്ങള്‍ കൈ കൂപ്പി പ്രാര്‍ഥിച്ച് പോന്നത് ദിനോസര്‍ മുട്ടകള്‍ക്ക് മുന്നിലായിരുന്നുവെന്നത് ഗ്രാമവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
മധ്യപ്രദേശ് ധാറിലെ പാദ്‌ല്യ ഗ്രാമത്തിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നിരിക്കുന്നത്. ഗ്രാമവാസികളില്‍ ഒരാളായ വെസ്റ്റ് മണ്ഡലോയ് എന്ന നാല്‍പ്പതുകാരനാണ് ദിനോസര്‍ മുട്ടകളെ തങ്ങളുടെ കുലദേവതയായ 'കാകര്‍ ഭൈരവ' എന്നുകണ്ട് ആരാധിച്ചുപോന്നത്. തന്‍റെ കൃഷിയിടത്തിനും കന്നുകാലികള്‍ക്കും കുലദേവത സംരക്ഷണമൊരുക്കുമെന്ന പൂര്‍വികരുടെ വിശ്വാസം പിന്തുടരുകയാണ് മണ്ഡലോയും ചെയ്‌തത്.
അടുത്തിടെ, ലഖ്‌നൗ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസിലെ വിദഗ്ധരും മധ്യപ്രദേശ് വനം വകുപ്പിലെ ഉദ്യോഗസ്ഥരും ഇവിടെയെത്തി ഈ ഉരുളന്‍ വസ്‌തുവിനെ കുറിച്ച് പഠനം നടത്തി. ഇതിന് പിന്നാലെയാണ് ഗ്രാമത്തിലുള്ളവര്‍ കാലങ്ങളായി ആരാധിച്ചുപോന്നത് ടൈറ്റനോസോറസ് ഇനം ദിനോസറുകളുടെ ഫോസിലൈസ് ചെയ്ത മുട്ടകള്‍ ആണെന്ന് കണ്ടെത്തിയത്.