ജമ്മു/ന്യൂഡല്‍ഹി: ബാലക്കോട്ട് സര്‍ജിക്കല്‍ ആക്രമണത്തെ ചോദ്യം ചെയ്‌ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് ആരോപണം. എന്നാല്‍ ഇതില്‍ രൂക്ഷമായ പ്രതികരണവുമായി ബിജെപി രംഗത്തുവന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വെറുപ്പ് കാരണം കോണ്‍ഗ്രസിന് രാഷ്‌ട്രീയ തിമിരം ബാധിച്ച് ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ചിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഭാരത് ജോഡോ യാത്രയ്‌ക്കിടെയുള്ള പൊതുസമ്മേളനത്തില്‍ വച്ചാണ് ദിഗ് വിജയ് സിങ് നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വിഷയത്തില്‍ രൂക്ഷമായ പ്രതികരണം നടത്തിയത്. ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാന മാര്‍ഗം ഭടന്‍മാരെ എത്തിക്കണമെന്ന സിആര്‍പിഎഫിന്‍റെ അപേക്ഷ മോദി സര്‍ക്കാര്‍ നിരസിച്ചുവെന്ന് ദിഗ് വിജയ് സിങ് ആരോപിച്ചു.
ഇത് കാരണമാണ് 2019ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ഭടന്‍മാര്‍ക്ക് ജീവത്യാഗം നല്‍കേണ്ടിവന്നത്. പുല്‍വാമയ്‌ക്ക് ശേഷം അവര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി എന്ന് അവകാശപ്പെടുകയാണ്. ഒരുപാട് പാകിസ്ഥാന്‍ തീവ്രവാദികളെ വധിച്ചു എന്നും അവകാശപ്പെടുന്നു. എന്നാല്‍ ഇതിന്‍റെ യാതൊരു തെളിവും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും ദിഗ് വിജയ് സിങ് ആരോപിച്ചു.
പ്രസ്‌താവന രാജ്യവിരുദ്ധമെന്ന് വിലയിരുത്തി ബിജെപി: ദിഗ് വിജയ് സിങ്ങിന്‍റെ പ്രസ്‌താവനയെ രാജ്യ വിരുദ്ധതയായാണ് ബിജെപി വിശേഷിപ്പിക്കുന്നത്. ദിഗ് വിജയ് സിങ്ങിന്‍റെ പ്രസ്‌താവന തെളിയിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പേരില്‍ മാത്രമാണെന്നും യഥാര്‍ഥത്തില്‍ ഈ യാത്ര ഭാരത് തോഡോ യാത്രയാണെന്നും ബിജെപി വക്‌താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. ഹിന്ദിയില്‍ ജോഡോ എന്നതിന്‍റെ അര്‍ഥം ഒരുമിപ്പിക്കുക എന്നാണ്. തോഡോ എന്നതിന്‍റെ അര്‍ഥം വിഭജിക്കുക എന്നും.
സൈന്യത്തിനെതിരെയുള്ള പ്രസ്‌താവന രാജ്യം വച്ചുപൊറുപ്പിക്കില്ലെന്ന് ഗൗരവ് ഭാട്ടിയ പ്രതികരിച്ചു. നരേന്ദ്ര മോദിയോടുള്ള കടുത്ത വിദ്വേഷം കാരണം രാഹുല്‍ ഗാന്ധിക്കും സംഘത്തിനും രാജ്യത്തോടുള്ള സമര്‍പ്പണം തന്നെ ഇല്ലാതാകുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ബാലക്കോട്ടിലെ തീവ്രവാദി ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്ന ഉടനെയും കോണ്‍ഗ്രസ് നേതാക്കള്‍ അതില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതാണെന്ന് ഗൗരവ് ഭാട്ടിയ പറഞ്ഞു.
പാകിസ്ഥാന് ക്ലീന്‍ചിറ്റ് നല്‍കാന്‍ ശ്രമിച്ചു എന്ന് ആരോപണം: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും നമ്മുടെ വീര സൈനികരില്‍ വിശ്വസമില്ല. അവര്‍ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുകയും ഇന്ത്യന്‍ സൈനികരെ അവഹേളിക്കുകയും ചെയ്യുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ ശ്രദ്ധതിരിയുന്നത് ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരിശ്രമിച്ചു.
കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല അന്ന് കുറ്റപ്പെടുത്തിയത് ഇന്ത്യയില്‍ തന്നെയുള്ള തീവ്രവാദത്തെയാണ്. പാകിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. നമ്മുടെ സൈനികര്‍ തീവ്രവാദികളെ ആക്രമിക്കുമ്പോള്‍ പാകിസ്ഥാന് വലിയ വേദനയുണ്ടാകുന്നു. എന്നാല്‍ ഇന്ത്യയില്‍ വേദനിക്കുന്നത് കോണ്‍ഗ്രസാണ് എന്നും ഗൗരവ് ഭാട്ടിയ ആരോപിച്ചു.
"കോണ്‍ഗ്രസ് നിലനില്‍പ്പ് പ്രതിസന്ധിയില്‍": ബാലക്കോട്ട് സര്‍ജിക്കല്‍ ആക്രമണം ബിജെപിയെ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറ്റുന്നതിന് മുഖ്യകാരണങ്ങളില്‍ ഒന്നായിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. "ജനങ്ങളുടെ ആശീര്‍വാദത്തേക്കാള്‍ വലുതായൊന്നും ജനാധിപത്യത്തിലില്ല. ബിജെപിയോടൊപ്പവും ഇന്ത്യന്‍ സൈന്യത്തോടൊപ്പവുമാണ് ജനങ്ങള്‍ നിലയുറപ്പിച്ചതെന്ന് 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണ്. സൈന്യത്തിന് എതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചവര്‍ നിലനില്‍പ്പ് പ്രതിസന്ധി നേരിടുകയാണ്," ഭാട്ടിയ പറഞ്ഞു.