ഭോപാൽ: അയോധ്യ ഭൂമി അഴിമതിയിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ദിഗ്വിജയ് സിംഗ്. രാമ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി കേസുകളിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ദിഗ്വിജയ് സിംഗ് ട്വീറ്റിൽ കുറിച്ചു.
അഴിമതിക്കാരെ മാറ്റി രാമ ക്ഷേത്ര നിർമ്മാണം സത്യസന്ധരായ ആളുകൾക്ക് കൈമാറണമെന്നും ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു. ആർഎസ്‌എസ്, ബിജെപി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കെതിരെയും അദ്ദേഹം രൂക്ഷമായി ആരോപണം ഉന്നയിച്ചു. ഈ വിഷയം ഉയർത്തിക്കാട്ടിയതിന് പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
രാമക്ഷേത്ര ട്രസ്റ്റിന്‍റെ ഭൂമി ഇടപാടിലെ അഴിമതി ആരോപണങ്ങളില്‍ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2021 മാർച്ച് 18ന് രണ്ട് പേർ അയോധ്യയിൽ രണ്ട് കോടി രൂപയ്ക്ക് ഭൂമി വാങ്ങി. എന്നാൽ ക്ഷേത്രപരിസരത്ത് നിന്ന് അകലെയുള്ള ഈ ഭൂമി നിമിഷങ്ങൾക്കകം പ്രധാനമന്ത്രി രൂപീകരിച്ച ട്രസ്റ്റ് 18.5 കോടി രൂപയ്ക്ക് വാങ്ങിയതായി പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു,