ന്യൂഡല്‍ഹി: ധനകാര്യ ഉള്‍പ്പെടുത്തല്‍ (financial inclusion) മാത്രമല്ല ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യ ലക്ഷ്യം വെക്കുന്നതെന്നും വാണിജ്യപരമായ ആവശ്യങ്ങള്‍ കൂടി നിറവേറ്റാനാണ് ലക്ഷ്യമിടുന്നതെന്നും ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. യുഎസിലെ കാലിഫോര്‍ണിയയിലെ പാലോആള്‍ട്ടോയില്‍ ഫിക്കിയും യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ്പ് ഫോറവും സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍. 2023 ആദ്യമാണ് ഇന്ത്യ ഡിജിറ്റല്‍ റുപ്പി പുറത്തിറക്കുന്നത്.
ധനകാര്യ രംഗം കൂടുതല്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ധനമന്ത്രി വിശദീകരിച്ചു. ഡിജിറ്റല്‍ ബാങ്കുകളും ഡിജിറ്റല്‍ സര്‍വകലാശാലകളും രാജ്യത്ത് രൂപികരിക്കാനുള്ള നടപടികള്‍ ആരംഭിച്ച കാര്യവും നിര്‍മല സീതാരമന്‍ ചൂണ്ടികാട്ടി. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ വിപ്ലവത്തില്‍ പങ്കാളികളാവാന്‍ യുഎസ് നിക്ഷേപകരെ ക്ഷണിക്കുകയാണെന്നും അവര്‍ പറഞ്ഞു.
വിവധ മേഖലകളില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. ജന്‍ധന്‍ അക്കൗണ്ട്, ആധാര്‍, മൊബൈല്‍ഫോണ്‍ എന്നീ മൂന്ന് ത്രയത്തിലൂടെ ധനകാര്യ ഉള്‍പ്പെടുത്തല്‍- എല്ലാവര്‍ക്കും ധനകാര്യ സേവനങ്ങള്‍ ഉറപ്പാക്കല്‍- എന്നുള്ള ലക്ഷ്യം ഏറെകുറെ പൂര്‍ത്തീകരിച്ചു. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച സാമ്പത്തിക രംഗത്തെ പല പുരോഗമനപരാമായ പ്രഖ്യാപനങ്ങളില്‍ ഒന്ന് മാത്രമാണ് ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപനമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. അമ്പത് കോടി സ്‌മാര്‍ട്ട് ഫോണ്‍ ഉപയോക്‌താക്കളാണ് ഇന്ത്യയില്‍ ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യുപിഐ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ ഒരു ലക്ഷം കോടി ഡോളര്‍ കവിഞ്ഞിരുന്നു.