ന്യൂഡല്‍ഹി: മനുഷ്യരിലുണ്ടാകുന്ന ബൈപോളാര്‍ ഡിസോര്‍ഡര്‍ കൂടുതല്‍ കൃത്യമായി നിര്‍ണയിക്കാന്‍ രക്ത പരിശോധന സഹായിക്കുമെന്ന് പഠനങ്ങള്‍. യുകെയിലെ കോംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് രക്ത പരിശോധനയിലൂടെ 30 ശതമാനം ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗികളെയും തിരിച്ചറിയാനാകുമെന്ന് കണ്ടെത്തിയത്. ഇത്തരം രക്ത പരിശോധനകള്‍ നടത്തുന്നതിലൂടെ ഡിപ്രസീവ് ഡിസോർഡർ, ബൈപോളാർ ഡിസോർഡർ എന്നിവ വേഗത്തില്‍ തിരിച്ചറിയാനാകുമെന്ന് വിദഗ്‌ധര്‍ പറയുന്നു.
എന്താണ് ബൈപോളാര്‍ ഡിസോര്‍ഡര്‍: വളരെ സിമ്പിളായി പറയുകയാണെങ്കില്‍ ചിലരില്‍ മാനസികമായുണ്ടാകുന്ന പ്രയാസങ്ങളാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. എല്ലായ്‌പ്പോഴും വളരെയധികം വിഷാദമായിരിക്കുകയും ഉന്മേഷം ഇല്ലായ്‌മയും ആത്മവിശ്വാസമില്ലായ്‌മയുമാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍.
എന്താണ് ഡിപ്രസീവ് ഡിസോർഡർ: ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലെയുള്ള മാനസിക പ്രയാസങ്ങള്‍ തന്നെയാണ് ഡിപ്രസീവ് ഡിയോര്‍ഡറും. വിഷാദ രോഗമാണിതെന്ന് പറയാം. എന്തെങ്കിലും പ്രത്യേക കാര്യങ്ങളോ സാഹചര്യങ്ങളോ നേരിടേണ്ടി വന്നാല്‍ സ്ഥിരമായുണ്ടാകുന്ന മാനസിക പ്രയാസമാണ് ഡിപ്രസീവ് ഡിസോര്‍ഡര്‍. ഇത്തരത്തിലുണ്ടാകുന്ന വിഷാദം കുറഞ്ഞത് ഒരാഴ്‌ചത്തോളം നീണ്ടു നില്‍ക്കുന്നതായിരിക്കും. ജീവിതത്തില്‍ വളരെയധികം പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്ന ഇതിനെ ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്നും അറിയപ്പെടുന്നുണ്ട്.
രക്ത സാമ്പിള്‍ പരിശോധനയിലൂടെ ഇവ കണ്ടെത്തുന്ന രോഗികള്‍ക്ക് ഉടനടി ആവശ്യമായ ചികിത്സകളും മാനസിക പിന്തുണയും നല്‍കാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ടുള്ള പഠന റിപ്പോര്‍ട്ടുകള്‍ JAMA (Journal Of American Medical Association) യിലാണ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ 40 ശതമാനം പേരും ഇത്തരം വിഷാദ രോഗങ്ങള്‍ക്കും മാനസിക പ്രയാസങ്ങള്‍ക്കും ഇരയാണെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ബൈപോളാർ ഡിസോർഡർ ഉള്ളവരുടെ മാനസിക പ്രയാസം വളരെ ഉയര്‍ന്നതായിരിക്കുമെന്ന് കോംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിലെ ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നുള്ള വിദഗ്‌ധന്‍ ജാക്കൂബ് തോമാസിക് പറഞ്ഞു.
പൂര്‍ണമായ മാനസിക വിലയിരുത്തലിലൂടെയാണ് ബൈപോളാർ ഡിസോർഡറിന്‍റെ കൃത്യമായ രോഗ നിര്‍ണയം നടത്താനാകുക. എന്നാല്‍ പലപ്പോഴും ഇത്തരം വിലയിരുത്തലുകള്‍ നടത്താന്‍ രോഗികള്‍ സമയമെടുക്കുന്നുവെന്നതാണ് പ്രശ്‌നം. മാനസിക വിലയിരുത്തലുകള്‍ വളരെ പ്രധാനമാണ്. രക്ത സാമ്പിളുകള്‍ പരിശോധിച്ചാന്‍ വേഗത്തില്‍ രോഗ നിര്‍ണയം നടത്താനാകുമെന്നത് സൈക്യാട്രിക് വിലയിരുത്തലുകള്‍ക്ക് വളരെയധികം ഫലപ്രദമാണ്.
ഇതുസംബന്ധിച്ചുള്ള പഠനങ്ങള്‍ക്കായി 2018 നും 2020 നും ഇടയില്‍ യുകെയിൽ നടത്തിയ ഡെൽറ്റ പഠനത്തിൽ നിന്നുള്ള സാമ്പിളുകളും ഡാറ്റയും ഗവേഷകർ ശേഖരിച്ചു. ഇത്തരത്തില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 3000 ത്തിലധികം പേരെ നിരീക്ഷണത്തിന് വിധേയരാക്കി. ഓണ്‍ലൈനിലൂടെയാണ് ഇവരില്‍ നിന്നും വിദഗ്‌ധ സംഘം വിവരങ്ങള്‍ ആരാഞ്ഞത്. 600 ലധികം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് സംഘം ചേദിച്ചറിഞ്ഞത്. പരിശോധനക്ക് വിധേയരാക്കിയവരില്‍ നിന്നും 1000 പേരെ വീണ്ടും തെരഞ്ഞെടുത്തു. അവരുടെ രക്ത സാമ്പിള്‍ പരിശോധിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയത്.