ബ്രിട്ടീഷ് കോളനിവാഴ്‌ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ആയിരക്കണക്കിന് ഇന്ത്യന്‍ പോരാളികളാണ് ജീവത്യാഗം ചെയ്‌തത്. ഇവരുടെ ഉറച്ച നിശ്ചയദാർഢ്യത്തിന്‍റെയും അഭിനിവേശത്തിന്‍റെയും ഫലമാണ് ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യം. ആ പോരോട്ടത്തില്‍ ഉള്‍പ്പെട്ട വിപ്ലവകാരിയായിരുന്നു ബിഹാറിലെ പൂർണിയ ജില്ലയിൽ നിന്നുള്ള ധ്രുവ് കുന്ദു.
ചെറുപ്പം മുതൽ ധൈര്യയാലിയായിരുന്നു ധ്രുവ്. 1942ൽ മഹാത്മാഗാന്ധി ആഹ്വാനം ചെയ്‌ത ക്വിറ്റ് ഇന്ത്യ മൂവ്മെന്‍റിൽ 13കാരൻ ആകൃഷ്‌ടനായി. 1942 ഓഗസ്റ്റ് 11ന് സ്വാതന്ത്ര്യസമര സേനാനികൾ രജിസ്‌ട്രാർ ഓഫിസിന് തീയിട്ട് എല്ലാ രേഖകളും നശിപ്പിച്ചിരുന്നു. ഓഗസ്റ്റ് 13ന് കതിഹാർ നഗറിലെ സബ് രജിസ്‌ട്രാർ ഓഫിസിന് തീയിട്ടും രേഖകൾ നശിപ്പിച്ചിട്ടുണ്ട്.
വിലക്കിയിട്ടും സർക്കാർ ഓഫിസുകളിൽ നിന്ന് ബ്രീട്ടീഷ് പതാക നീക്കം ചെയ്‌ത് മുൻസിഫ് കോടതികളിൽ അടക്കം ഇന്ത്യൻ പതാക ഉയർത്താനായി ധ്രുവ് കുന്ദുവെന്ന 13കാരൻ മുന്നിട്ടിറങ്ങി.
എന്നാൽ ബ്രിട്ടീഷ് സേന നടത്തിയ വെടിവയ്‌പ്പില്‍ ധ്രുവിന് സാരമായി പരിക്കേറ്റു. തുടർന്ന് പൂർണിയ സദാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൗമാരക്കാരനായ ആ ധീരവിപ്ലവകാരി 1942 ഓഗസ്റ്റ് 15ന് ജീവൻ വെടിഞ്ഞു.
സ്വാതന്ത്ര്യത്തിനായുള്ള ധ്രുവിന്‍റെ രക്തസാക്ഷിത്വം കാലഹരണപ്പെടാത്തതാണ്. ചെറുപ്രായത്തിൽ തന്നെ മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വീരപുത്രനിൽ രാജ്യം എന്നും അഭിമാനിക്കും.
ALSO READ: വിസ്മരിക്കരുത്... കേരള വര്‍മ പഴശ്ശിയുടെ വീര സമര പോരാട്ടത്തെ!