ചെന്നൈ: 2014ൽ ഇംഗ്ലണ്ടിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിനിടെ മഹേന്ദ്ര സിങ് ധോണി ഒത്തുകളിച്ചുവെന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പത്ത് കുമാറിന്‍റെ പ്രസ്‌താവനകൾക്കെതിരെ വീണ്ടും മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ധോണി. പൊലീസ് ഐജി ആയിരുന്ന സമ്പത്ത് കുമാറിനെ, ഒത്തുകളിയും താനുമായും ബന്ധിപ്പിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് 2014ൽ ധോണി സിവിൽ കേസ് ഫയൽ ചെയ്‌തിരുന്നു. നഷ്‌ടപരിഹാരമായി 100 കോടി രൂപ നൽകണമെന്നായിരുന്നു ധോണിയുടെ ഹർജി.
തുടർന്ന് 2014 മാർച്ച് 18ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ധോണിക്കെതിരെ അപകീർത്തികരമായ പ്രസ്‌താവന നടത്തുന്നതിൽ നിന്ന് സമ്പത്ത് കുമാറിനെ കോടതി വിലക്കി. പിന്നീട് സമ്പത്ത് കുമാർ സുപ്രീം കോടതിയിൽ ജുഡീഷ്യറിക്കും മുതിർന്ന അഭിഭാഷകർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ സത്യവാങ്മൂലം സമർപ്പിച്ചു. ഇത് മദ്രാസ് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും 2021 ഡിസംബറിൽ കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്‌തിരുന്നു.
ഈ വർഷം ജൂലൈ 18ന് അഡ്വക്കേറ്റ് ജനറൽ ആർ ഷൺമുഖസുന്ദരത്തിൽ നിന്നും നിയമോപദേശം സ്വീകരിച്ച ശേഷം ഒക്‌ടോബർ 11ന് കേസുമായി മുന്നോട്ട് പോകാൻ ധോണി തീരുമാനിക്കുകയായിരുന്നു.