ജബല്‍പൂര്‍ (മധ്യപ്രദേശ്): മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് തീവ്രഹിന്ദുത്വ സംഘടനയായ ധര്‍മ സേന. മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കള്‍ക്ക് 11,000 രൂപ സമ്മാനമായി നല്‍കുമെന്നും സംഘടന അറിയിച്ചു. മുസ്‌ലിം സംഘടനകള്‍ 'ലൗ ജിഹാദ്' നടത്തുന്നതുപോലെ ഹൈന്ദവ വിശ്വാസികളും അവരുടെ ആണ്‍മക്കള്‍ മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണമെന്നും അതിനായി മുന്നോട്ടുവരണമെന്നും ധര്‍മ സേനയുടെ സ്ഥാപകനും മേധാവിയുമായ യോഗേഷ് അഗര്‍വാള്‍ പറഞ്ഞു.
ഹിന്ദു യുവാക്കള്‍ മുസ്‌ലിം പെണ്‍കുട്ടിയുമായി പ്രണത്തിലായി വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, എല്ലാ സൗകര്യങ്ങളും ധര്‍മ സേന ചെയ്‌തുതരും. മാത്രമല്ല 11,000 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. ഹിന്ദു കുടുംബങ്ങളിലേക്ക് മുസ്‌ലിം പെൺകുട്ടികളെ സ്വീകരിക്കണമെന്നും നമ്മുടെ പെൺമക്കളെ രക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും യോഗേഷ് അഗര്‍വാള്‍ പറഞ്ഞു. മതപരിവര്‍ത്തനങ്ങള്‍ കുറയ്‌ക്കാനും പെണ്‍കുട്ടികളുടെ ജനസംഖ്യ നിലനിര്‍ത്താനും ഇതാണ് മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് ഈ ധര്‍മ സേന ?: മുമ്പ് ഭാരതീയ ജനത പാര്‍ട്ടിയുമായും (ബിജെപി) രാഷ്‌ട്രീയ സ്വയം സേവക് സംഘുമായും (ആര്‍എസ്‌എസ്) കൈകോര്‍ത്ത് പ്രവര്‍ത്തിച്ചിരുന്ന ഹിന്ദു സംഘടനയാണ് ധർമ സേന. എന്നാല്‍ ഇടയ്‌ക്കുവച്ച് ഇവര്‍ ബിജെപിയും ആര്‍എസ്‌എസുമായുള്ള ബന്ധം അവസാനിപ്പിച്ചു. എന്നാലും ജബല്‍പൂരില്‍ മാത്രം ധര്‍മ സേനയ്‌ക്ക് 200ലധികം സജീവ പ്രവർത്തകരുണ്ട്.
മുമ്പ് ബാങ്കുവിളിക്കെതിരെ: അടുത്തിടെ പ്രസംഗത്തിനിടെയുണ്ടായ ബാങ്കുവിളിക്കെതിരെ കർണാടക മുന്‍ മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പയും വിദ്വഷ പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു. താൻ എവിടെ പോയാലും ബാങ്കുവിളി ഒരു തലവേദന ആയിട്ടാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും ഒരു ദിവസം സുപ്രീം കോടതി തന്നെ ഉത്തരവിലൂടെ ഈ ബാങ്കുവിളി അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിൽ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബിജെപി നടത്തുന്ന വിജയസങ്കൽപ യാത്രയുടെ ഭാഗമായി മംഗളൂരു കാവൂർ ശാന്തിനഗർ മൈതാനിയിലെ വേദിയില്‍ മാര്‍ച്ച് 12നായിരുന്നു ഈശ്വരപ്പയുടെ വിവാദ പ്രസംഗം. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാറുള്ളതെന്നും എന്നാല്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിച്ചാല്‍ മാത്രമേ പ്രാർഥന കേൾക്കുകയുള്ളോ എന്നും അദ്ദേഹം ചോദിച്ചു. നമ്മുടെ ക്ഷേത്രങ്ങളിലും നാം ആരാധിക്കുന്നുണ്ടെന്നും ശ്ലോകങ്ങളും ഭജനകNgx പാടാറുമുണ്ടെന്നും പറഞ്ഞ അദ്ദേഹം, നമുക്ക് മറ്റുള്ളവരേക്കാൾ ഭക്തിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിക്കെതിരെ പ്രജ്ഞ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കുറും അടുത്തിടെ രംഗത്തെത്തിയിരുന്നു. 'ഒരു വിദേശ സ്‌ത്രീക്ക് ജനിച്ച മകന് ഒരിക്കലും രാജ്യസ്‌നേഹിയാവാൻ കഴിയില്ല' എന്ന ചാണക്യന്‍റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു പ്രജ്ഞ രാഹുലിനെതിരെ കടന്നാക്രമിച്ചത്. വിദേശ മണ്ണിൽ നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ മുൻ കോൺഗ്രസ് അധ്യക്ഷനെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിയിരുന്നു.