ന്യൂഡൽഹി: ശാരീരിക വെല്ലുവിളി നേരിടുന്ന യാത്രക്കാരെ വിമാനങ്ങളില്‍ കയറ്റുന്നതിനുള്ള നിയമങ്ങളിൽ ഡിജിസിഎ (ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) ഭേദഗതി വരുത്തിയതായി സർക്കാർ തിങ്കളാഴ്‌ച രാജ്യസഭയെ അറിയിച്ചു. മെയ് 7ന് റാഞ്ചി - ഹൈദരാബാദ് വിമാനത്തില്‍ കയറാനെത്തിയ ശാരീരിക വെല്ലുവിളിയുള്ള കുട്ടിയ്ക്കും മാതാപിതാക്കള്‍ക്കും യാത്ര നിഷേധിച്ച സംഭവത്തെ തുടര്‍ന്നാണ് ഭേദഗതി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പ്രസ്‌തുത ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് പിന്നിലെ ലക്ഷ്യം.
എയര്‍ലൈനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇത്തരം അനുബന്ധ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് പരിശീലനവും ബോധവത്കരണവും നല്‍കുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ വി.കെ സിങ് പറഞ്ഞു. എന്നാല്‍ ഇത്തരം വെല്ലുവിളികള്‍ നേരിടുന്നവരെ വിമാനത്തില്‍ കയറ്റിയാല്‍ ആരോഗ്യം മോശമായേക്കാമെന്ന തോന്നുന്നവരെ ഡോക്‌ടറുടെ പരിശോധനക്ക് വിധേയമാക്കി യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്താം. എന്നാല്‍ അത്തരത്തില്‍ യാത്ര റദ്ദാക്കുന്നതിന്‍റെ മുഴുവന്‍ വിവരങ്ങളും എയര്‍ലൈന്‍ രേഖാമൂലം വ്യക്തമാക്കുകയും വേണം.
ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയ്ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് എയര്‍ലൈനിന് 5,00,000 രൂപ പിഴ ചുമത്തിയെന്ന് സിങ് പറഞ്ഞു.