ഹാസൻ : കർണാടകയിൽ ക്ഷേത്രപരിസരത്ത് നിരവധി പേർക്ക് വൈദ്യുതാഘാതമേറ്റു. ഹാസൻ ജില്ലയിലെ ഹാസനാംബ ക്ഷേത്ര (Haasanamba Temple) പരിസരത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം. ദർശനത്തിനായി ഭക്തർ ക്ഷേത്രത്തിനു മുന്നിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു വൈദ്യുതാഘാതമേറ്റത് (Devotees Suffered Electric Shock).
ഭക്തർ നിന്നിരുന്ന പരിസരത്ത് നിലത്ത് വീണ് കിടന്ന വൈദ്യുത കമ്പിയിൽ നിന്നാണ് വൈദ്യുതാഘാതമുണ്ടായത്. അപകടത്തിൽപ്പെട്ടവരെ കണ്ട് മറ്റുള്ള ഭക്തർ പരിഭ്രാന്തരായി ഓടിയതോടെ പ്രദേശത്ത് തിക്കും തിരക്കും അനുഭവപ്പെട്ടു. നിലത്ത് വീണ പലർക്കും ചവിട്ടേറ്റിരുന്നു. ഒടുവിൽ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയതായി പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ജില്ല പൊലീസ് സൂപ്രണ്ട് ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ക്ഷേത്രത്തിലെ പ്രത്യേക ദിവസമായതിനാൽ വൻ ഭക്തജനത്തിരക്കാണ് ഇന്ന് ഹാസനാംബ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.
പുരി ജഗന്നാഥ ക്ഷേത്രത്തിലും ഭക്തർക്ക് പരിക്കേറ്റു : പുരി ജഗന്നാഥ ക്ഷേത്രത്തിൽ സമാന രീതിയിൽ തിക്കിലും തിരക്കിലും പെട്ട് 10 ഭക്തർക്ക് പരിക്കേറ്റ് മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവം. ആരതി കഴിഞ്ഞ് ഭക്തരെ ക്ഷേത്രത്തിനകത്ത് കയറ്റുന്നതിനിടെ തിക്കിലും തിരക്കിലും സംഘർഷമുണ്ടാകുകയും ചില ഭക്തർ നിലത്ത് വീഴുകയും മറ്റുള്ളവർ ചവിട്ടുകയും ചെയ്‌തിരുന്നു. ഇതിനിടെ പരിക്കേറ്റ 10 ഭക്തരെ പൊലീസ് പുരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.