മുംബൈ: വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്‌ത്രിയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. മിസ്‌ത്രി കാറപകത്തില്‍ മരിച്ച സംഭത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയത്തോട് ഫട്‌നാവിസ് ആവശ്യപ്പെട്ടു. സൈറസ് മിസ്‌ത്രിയുടെ മരണത്തില്‍ ഫട്‌നാവിസ് അനുശോചിച്ചു.
'പ്രമുഖ വ്യവസായി സൈറസ് മിസ്‌ത്രിയുടെ മരണം വ്യവസായ മേഖലയ്ക്കും സാമ്പത്തിക ലോകത്തിനും വലിയ നഷ്‌ടമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക ശക്തിയെ തിരിച്ചറിഞ്ഞ മഹത്തായ വ്യക്തിത്വമായിരുന്നു അദ്ദേഹം. എളിമ അദ്ദേഹത്തിന്‍റെ സ്വഭാവഗുണമായിരുന്നു.
അദ്ദേഹത്തിന് എന്‍റെ ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു' ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ പാൽഘറിലായിരുന്നു അപകടം. സൂര്യ നദിക്ക് കുറുകെ ഉള്ള പാലത്തിലെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഇടിയുടെ ആഘാതത്തില്‍ മിസ്‌ത്രി അടക്കം നാലുപേര്‍ സഞ്ചരിച്ച മെഴ്‌സിഡസ് കാര്‍ പൂര്‍ണമായി തകര്‍ന്നു. മിസ്‌ത്രിയും ഒപ്പം ഉണ്ടായിരുന്ന ഒരാളും അപകടത്തില്‍ മരിച്ചു. മറ്റു രണ്ടുപേര്‍ ഗുരുതര പരിക്കുകളോടെ ഗുജറാത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read ആരായിരുന്നു സൈറസ് മിസ്ത്രി? ടാറ്റ സൺസ് മുൻ ചെയർമാനെ കുറിച്ച്...