മുംബൈ: കൊറോണ വൈറസിന്‍റെ വ്യാപനശേഷി കൂടിയ 'ഡെൽറ്റ പ്ലസ്' വേരിയന്‍റ് സംസ്ഥാനത്ത് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. ബുധനാഴ്‌ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പങ്കെടുത്ത യോഗത്തിലാണ് വിലയിരുത്തൽ. മൂന്നാം ഘട്ട വ്യാപനത്തിൽ ഏകദേശം എട്ട് ലക്ഷം സജീവ രോഗികളുണ്ടാകുമെന്നും അവയിൽ പത്ത് ശതമാനം കുട്ടികളായേക്കാമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
യോഗം മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾക്കായി
കൊവിഡ് രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ച സംസ്ഥാനമെന്ന നിലയിൽ മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ വിശകലനം ചെയ്യുന്നതിനാണ് യോഗം ചേർന്നത്. മുഖ്യമന്ത്രിക്ക് പുറമേ ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ, കൊവിഡ്-19 ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പുതിയ തരംഗം ഉണ്ടായാൽ സംസ്ഥാനത്തുണ്ടായേക്കാവുന്ന സാഹചര്യങ്ങളും ആരോഗ്യവകുപ്പ് യോഗത്തിൽ ചിത്രീകരിച്ചു.
മൂന്നാം തരംഗം നേരിടാൻ സംസ്ഥാനം സജ്ജമാകണമെന്ന് താക്കറെ
അതേസമയം കൊവിഡ് മരുന്നുകൾ, കിടക്കകൾ, മറ്റ് അവശ്യവസ്‌തുക്കൾ എന്നിവയുടെ ലഭ്യത കണക്കിലെടുത്ത് ഏത് സാഹചര്യവും നേരിടാൻ തയ്യാറാകണമെന്ന് താക്കറെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങൾ ശരിയായ രീതിയിൽ പിന്തുടർന്നില്ലെങ്കിൽ രണ്ടാം തരംഗത്തിൽ നിന്ന് പൂർണമായി കരകയറുന്നതിനുമുമ്പ് തന്നെ സംസ്ഥാനം മൂന്നാം തരംഗം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെൽറ്റ പ്ലസ് ആദ്യ സ്ഥിരീകരണം ഇന്ത്യയിൽ
ഡെൽറ്റ അഥവാ ബി.1.617.2 വേരിയന്‍റിന് ജനിതകമാറ്റം ഉണ്ടായാണ് പുതിയ ഡെൽറ്റ പ്ലസ് വേരിയന്‍റ് രൂപപ്പെട്ടത്. ഇന്ത്യയിലാണ് ഇത് ആദ്യമായി സ്ഥിരീകരിച്ചത്.