ന്യൂഡൽഹി : രോഹിണി കോടതിയിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച വിചാരണ മുറിക്കുള്ളിൽ പൊലീസും ഗുണ്ടാസംഘങ്ങളും തമ്മിലുണ്ടായ വെടിവയ്പ്പിൽ ഗുണ്ടാത്തലവൻ ജിതേന്ദർ ഗോഗിയുൾപ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഉമംഗ്(22), വിനയ്(19) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് പറയുന്നു. നിലവിൽ മണ്ടോളി ജയിലിലെ 15-ാം നമ്പർ ജയിലിൽ കഴിയുന്ന സുനിൽ എന്ന ടില്ലു ആണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വെടിവയ്പ്പിൽ കൊല്ലപ്പെട്ട ജഗ്‌ദീപ്, രാഹുൽ പിടിയിലായ ഉമംഗ്, വിനയ് എന്നിവർ ടില്ലു സംഘത്തിൽപ്പെട്ടവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നാല് പേരും കോടതിയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഒരു മാളിൽ വച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Also Read: നുഴഞ്ഞ് കയറ്റ ശ്രമം; ബന്ദിപ്പൊരയില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം
മറ്റ് മൂന്ന് പേരും ഗോഗിയെ കൊല്ലാൻ കോടതി മുറിയിലേക്ക് പോകുമ്പോൾ ഉമംഗ് കാറിൽ കോടതിക്ക് പുറത്ത് കാത്തുനിൽക്കുമെന്നതായിരുന്നു സംഘത്തിന്‍റെ പദ്ധതി. എന്നാൽ പദ്ധതി പാളിപ്പോയതിനാൽ ഉമംഗും വിനയും സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
കോടതിയിലെ നാലാം നമ്പർ ഗേറ്റിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കേസിന്‍റെ വിചാരണയ്ക്കായി തിഹാർ ജയിലിൽ നിന്ന് ഗുണ്ടാത്തലവന്‍ ഗോഗിയെ രോഹിണി കോടതിയിൽ കൊണ്ടുവന്നപ്പോഴാണ് അഭിഭാഷകരുടെ വേഷം ധരിച്ച രണ്ടുപേർ വെടിവച്ചുകൊന്നത്.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ഇരുവരെയും കോടതിമുറിയിലുണ്ടായിരുന്ന പൊലീസുകാർ മുറിക്കുള്ളിൽ തന്നെ വെടിവച്ചുകൊന്നു. കോടതി മുറി 207 ൽ ആണ് സംഭവം നടന്നത്. അഡീഷണൽ സെഷൻസ് ജഡ്‌ജി ഗഗൻദീപ് സിങ്, കോടതി ജീവനക്കാർ, ആറോളം അഭിഭാഷകർ എന്നിവരും സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്നു.