ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധനകൾ കൂട്ടുമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്‌ൻ. പ്രതിദിനം 80,000 പരിശോധനകൾ നടത്താനാണ് തീരുമാനം. അതേസമയം 33 സ്വകാര്യ ആശുപത്രികളിൽ 220 ഐസിയു കിടക്കകളും, 838 സാധാരണ കിടക്കകളും നൽകുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.
ഡൽഹിയിൽ 992 പുതിയ കൊവിഡ് കേസുകളാണ് ചൊവ്വാഴ്‌ച സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 2.7 ആണ്. കൊവിഡ് സ്ഥിരീകരിക്കുന്ന ഓരോ രോഗികളുടെയും സമ്പർക്കത്തിലുള്ളവരുടെ എണ്ണം മുപ്പതാണെന്നും കേസുകൾ വർധിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ധാരാളം കിടക്കകൾ ലഭ്യമാണ്. ഡൽഹിയിലെ സ്വകാര്യ, സർക്കാർ ആശുപത്രികളിലെ മൊത്തം കിടക്കളുടെ ലഭ്യത 25 ശതമാനമാണ്. മൂന്നോ നാലോ സ്വകാര്യ ആശുപത്രികളിൽ ഐസിയു കിടക്കകൾ കുറവാണ്, അതിന് ഉടൻ പരിഹാരമാകുമെന്നും സത്യേന്ദർ ജെയ്‌ൻ പറഞ്ഞു.
ഡൽഹിയിൽ കൊവിഡ് വാക്‌സിനേഷന്‍റെ അടുത്തഘട്ടം നാളെ ആരംഭിക്കും. 45 വയസിന് മുകളിലുള്ളവർക്ക് നാളെ മുതൽ വാക്‌സിനെടുക്കാം. ഡൽഹിയിൽ 45 വയസിന് മുകളിലുള്ള 65 ലക്ഷം ജനങ്ങളുണ്ട്. 500 വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഡൽഹിയിൽ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.