ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ശ്രദ്ധ വാക്കര്‍ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതിയുടെ സുഹൃത്തുക്കള്‍. ശ്രദ്ധയ്‌ക്കൊപ്പം താമസിച്ചിരുന്ന പ്രതി അഫ്‌താബ് അമിൻ പൂനവാലയെ വിട്ടുപോവാൻ അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല. ഇയാള്‍ പലപ്പോഴായി മര്‍ദിച്ചിരുന്നെന്നും ശ്രദ്ധ വാക്കറിന്‍റെ സുഹൃത്തുക്കള്‍ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
മഹാരാഷ്‌ട്ര മുംബൈ സ്വദേശിനിയായ യുവതിയുടെ പാൽഘറിൽ നിന്നുള്ള സുഹൃത്തുക്കളായ രജത് ശുക്ല, ലക്ഷ്‌മൺ നാദിർ എന്നിവരാണ് പ്രതികരിച്ചത്. ''തുടക്കത്തിൽ ഇരുവരും സന്തോഷത്തോടെയാണ് ജീവിച്ചത്. പില്‍ക്കാലത്ത്, അവർക്കിടയിൽ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായി. ബന്ധം കൂടുതല്‍ വഷളായതോടെ തമ്മില്‍ പിരിയാമെന്ന ആഗ്രഹം ശ്രദ്ധ പ്രകടിപ്പിച്ചിരുന്നു''. - രജത് ശുക്ല പറയുന്നു.
'ഡല്‍ഹിയില്‍ എത്തിയതോടെ ജീവിതം നരകമായി': "അവളുടെ കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ വന്നപ്പോഴാണ് അറിഞ്ഞത്. എന്‍റെ സുഹൃത്ത് കൊല്ലപ്പെട്ടു എന്നത് എന്നെ വല്ലാതെ പിടിച്ചുലച്ചു. 2018 മുതൽ ഒരു ബന്ധം തുടര്‍ന്നുപോരുകയാണെന്ന് 2019ൽ ശ്രദ്ധ വാക്കര്‍ പറഞ്ഞിരുന്നു.
അഫ്‌താബിന്‍റെ മര്‍ദനം സഹിക്കവയ്യാതെ ഈ ബന്ധം വേര്‍പ്പെടുത്താന്‍ അവള്‍ നന്നായി ആഗ്രഹിച്ചിരുന്നു. പക്ഷേ, അവള്‍ക്കതിന് കഴിഞ്ഞില്ല. ജീവിതം നരകതുല്യമായി മാറിയെന്ന് പറഞ്ഞിട്ടുണ്ട്. ജോലി ചെയ്‌ത് ഒന്നിച്ചു ജീവിക്കാനാണ് ഡല്‍ഹിയില്‍ എത്തിയത്. ഇവിടെ എത്തിയതോടെയാണ് ബന്ധം പൂര്‍ണമായും തകര്‍ന്നത്.'' - യുവതി പങ്കുവച്ച വിവരങ്ങള്‍ രജത് ശുക്ല ദുഃഖത്തോടെ ഓര്‍ത്തെടുത്തു.
ALSO READ| ഒപ്പം താമസിച്ച യുവതിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍
മെയ് 18നാണ് ശ്രദ്ധയെ അഫ്‌താബ് കൊലപ്പെടുത്തിയത്. കുടുംബാംഗള്‍ക്കും സുഹൃത്തുക്കള്‍ക്കും സംശയം തോന്നാതിരിക്കാന്‍ പ്രതി ശ്രദ്ധയുടെ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് മെസേജ് അയച്ചിരുന്നതായി ഇയാള്‍ ഡല്‍ഹി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകം ചെയ്‌ത് ആറുമാസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്‌ചയാണ് (നവംബര്‍ 14) അഫ്‌താബ് അമിൻ പൂനവാല പിടിയിലായത്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ രണ്ട് മാസം മുന്‍പ് തന്നെ സോഷ്യല്‍ മീഡിയ മെസേജിലൂടെ ശ്രദ്ധ തന്നെ ബന്ധപ്പെട്ടതായി സുഹൃത്ത് ലക്ഷ്‌മണന്‍ നാദിര്‍ പറഞ്ഞു.
'പരാതിപ്പെടാന്‍ ഞാന്‍ സഹോദരനോട് പറഞ്ഞു': "രണ്ടു മാസം മുന്‍പ് ശ്രദ്ധ എന്നെ സോഷ്യല്‍ മീഡിയ മെസേജിലൂടെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഓഗസ്റ്റ് മുതൽ എന്‍റെ ഒരു സന്ദേശത്തിനും അവൾ മറുപടി നൽകിയില്ല. വിളിച്ചപ്പോള്‍ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇത് എന്നില്‍ വലിയ ആശങ്കയായുണ്ടാക്കി. അവളുടെ സഹോദരനോട് ഇക്കാര്യങ്ങള്‍ എല്ലാം ഞാന്‍ പറഞ്ഞിരുന്നു. ജൂലായിലാണ് ഞാൻ അവസാനമായി ശ്രദ്ധയുടെ സഹോദരനോട് സംസാരിച്ചത്. പൊലീസിൽ വിവരമറിയിക്കാന്‍ ഞാന്‍ കുടുംബത്തോട് പറഞ്ഞിരുന്നു." നാദിർ പറയുന്നു.
''തമ്മിൽ വഴക്ക് ഉണ്ടാവുമ്പോള്‍ പൊലീസിൽ പരാതി നല്‍കാന്‍ അവള്‍ പലപ്പോഴായി ആലോചിച്ചിരുന്നു. എന്നാല്‍ ഭയം കാരണം അതിന് നിന്നില്ല. എന്നെ വിളിക്കാന്‍ രാത്രിയില്‍ ശ്രദ്ധ പലപ്പോഴായി സമയം ക്രമീകരിച്ചിരുന്നു. അഫ്‌താബ് തന്നെ കൊലപ്പെടുത്തുമോ എന്ന ഭയം കാരണമാണ് ഇത് ചെയ്യാതിരുന്നത്.''- നദീര്‍ പറയുന്നു.
ഡേറ്റിങ് ആപ്പിലൂടെ പരിചയം, തുടര്‍ന്ന് പ്രണയം: മുംബൈയിലെ ഒരു കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്നതിനിടെ ഡേറ്റിങ് ആപ്പ്‌ളിക്കേഷനിലൂടെയാണ് അഫ്‌താബ് ശ്രദ്ധയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഇവരുടെ ബന്ധത്തെ യുവതിയുടെ കുടുംബം എതിര്‍ത്തതിനെ തുടര്‍ന്ന് ഇരുവരും ഡല്‍ഹിയിലേക്ക് ഒരുമിച്ച് താമസം മാറുകയായിരുന്നു.
തുടക്കത്തിൽ, നല്ല ബന്ധം പുലർത്തിയിരുന്നെങ്കിലും കൃത്യം നടന്ന താമസ സ്ഥലത്തേക്ക് മാറിയതിന് ശേഷമാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് അഫ്‌താബിനൊപ്പം ശ്രദ്ധ ഡല്‍ഹി മെഹ്‌റോളിയിലെ വാടക വീട്ടിലേക്ക് മാറിയത്. മെയ് 18നാണ് അഫ്‌താബ്, ശ്രദ്ധയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ കൊണ്ട് തള്ളുകയായിരുന്നു.
തുടർന്ന്, കൊലപാതക ശേഷം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ ശ്രദ്ധയുടെ സോഷ്യൽ മീഡിയകള്‍ ഉപയോഗിച്ച് മെസേജ് അയച്ചിരുന്നു. യുവതിയുടെ പിതാവ് വികാസ് വാക്കർ അഫ്‌താബിനെ വിളിച്ച് മകളുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതുവരെ കൊലപാതകം ദുരൂഹമായി തുടർന്നു.
യുവതിയുമായുള്ള ബന്ധം വേർപ്പെടുത്തിയതായി അഫ്‌താബ് പറഞ്ഞതോടെയാണ് പിതാവിന് സംശയം തോന്നിയത്. ശ്രദ്ധയെ ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ പിതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിനിടെ നവംബര്‍ എട്ടിന് ശ്രദ്ധയുടെ മാതാപിതാക്കള്‍ ഇവര്‍ താമസിക്കുന്ന ഡല്‍ഹിയിലെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റ് പൂട്ടിക്കിടക്കുന്നത് കണ്ടാണ് ഇവര്‍ മകളെ കാണാനില്ലെന്ന പരാതി പൊലീസിന് നല്‍കിയത്. തുടര്‍ന്ന് മെഹ്‌റോളി പൊലീസ് അഫ്‌താബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.