ഡൽഹി: അതി ശൈത്യത്തിൽ വിറങ്ങലിച്ച് ഡൽഹി. ഇന്ന് രാവിലെ റെക്കോർഡ് തണുപ്പാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. താപനില 3.6 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് രാവിലെയും കനത്തമുടൽ മഞ്ഞ് തുടരുകയാണ് (Delhi records coldest morning). മൂടൽ മഞ്ഞു നഗരത്തെ ഒന്നാകെ വിഴുങ്ങിയിരുന്നു. സഫ്‌ദർജംഗിൽ രാവിലെ 7:30 ന് ഏറ്റവും കുറഞ്ഞ ദൃശ്യപരത 300 മീറ്റർ വരെയായിരുന്നു. പാലത്തിൽ 350 മീറ്റർ വരെയായിരുന്നു ദൃശ്യപരത.
മഞ്ഞിന്‍റെ തീവ്രതയെ കാലാവസ്ഥ വകുപ്പ് നാലായി തരം തിരിച്ചിട്ടുണ്ട്. കുറഞ്ഞതും മിതമായതും മങ്ങിയതും വളരെ മങ്ങിയതുമായ മൂടൽ മഞ്ഞു എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ദൃശ്യപരത യഥാക്രമം 999 മീറ്റർ മുതൽ 500 മീറ്റർ വരെയും, 499 മീറ്റർ മുതൽ 200 മീറ്റർ വരെയും, 199 മീറ്റർ മുതൽ 50 മീറ്റർ വരെയും, 50 മീറ്ററിൽ താഴെയുമാണ്.
മൂടൽമഞ്ഞും ശീതതരംഗവും (cold waves) കാരണം 18 ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. അടുത്ത രണ്ടു ദിവസങ്ങളിലായി വടക്കേന്ത്യയിൽ കഠിനമായ തണുപ്പും ശീത തരംഗവും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും പിന്നീട് കുറയുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, തെക്കൻ രാജസ്ഥാൻ, വടക്കൻ മധ്യപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിൽ കുറഞ്ഞ താപനില 3-7 ഡിഗ്രി സെൽഷ്യസ് പരിധിയിലാണെന്നും കാലാവസ്ഥാ പ്രവചന ഏജൻസി ബുള്ളറ്റിനിലൂടെ അറിയിച്ചു.
Also Read: ഡൽഹിയിൽ അതിശൈത്യം ; അഞ്ചാം ക്ലാസ് വരെയുള്ള സ്‌കൂളുകൾക്ക് ജനുവരി 12 വരെ അവധി