ന്യൂഡല്‍ഹി: ഡല്‍ഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2260 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 182 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.58 ശതമാനമായി കുറഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. മാർച്ച് 31 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. ഏപ്രിൽ ഒന്നിന് ശേഷം ആദ്യമായാണ് 3000ല്‍ താഴെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും പുതിയ ആരോഗ്യ ബുള്ളറ്റിൻ അനുസരിച്ച്, രാജ്യ തലസ്ഥാനത്ത് ഇതുവരെ 23013 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വ്യാഴാഴ്ച 5.5 ശതമാനവും വെള്ളിയാഴ്ച 4.76 ശതമാനവുമായിരുന്നു.
Read Also…………ഡല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് താഴുന്നു ; നില മെച്ചപ്പെട്ടെന്ന് ആരോഗ്യമന്ത്രി
24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 2260 ആണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മാർച്ച് 31 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണിതെങ്കിലും എല്ലാ മുൻകരുതലുകളും സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.