ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഡൽഹിയിൽ 15,097 പേർക്ക് പുതുതായി രോഗം സ്ഥിരികരിച്ചു. 2021 മെയ് എട്ടിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന നിരക്കാണ് ഇന്ന് റിപ്പോർട്ട് െചയ്‌തത്. ഇതോടെ ഡൽഹിയിലെ കൊവിഡ് വ്യാപന നിരക്ക് 15.34 ശതമാനമായി. അതേ സമയം ആറ് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണ സംഖ്യ 25,127 ആയി.
24 മണിക്കൂറിൽ 98,434 പരിശോധനയാണ് ഡൽഹിയിൽ നടന്നത്. 14,89,463 പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 14.32 ലക്ഷത്തിലധികം പേർ രോഗമുക്തി നേടി. ഡൽഹിയിലെ ആശുപത്രികളിലെ 12,104 ഓക്‌സിജൻ കിടക്കകളിൽ 1,116 കിടക്കകളിൽ ആളുകൾ ചികിത്സക്കായുണ്ട്.
സംസ്ഥാനങ്ങൾ പുതിയ നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പിന്‍തുടരുമ്പോഴും രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 90,928 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസത്തേക്കാൾ ഏകദേശം 50% വർധനവാണുണ്ടായത്.
രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 2,630 ആയി. ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് (797) മഹാരാഷ്‌ട്രയിലാണ്. തൊട്ടുപിന്നാലെ ഡൽഹി (465), രാജസ്ഥാൻ (236), കേരളം (234) എന്നിങ്ങനെയാണ് കണക്കുകള്‍.