ന്യൂഡല്‍ഹി : സ്വകാര്യവിപണിയില്‍ മദ്യ വിലയില്‍ 25 ശതമാനം വരെ ഇളവ് നൽകാൻ ഡൽഹി സര്‍ക്കാര്‍. ഇതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് എക്സൈസ് വകുപ്പ് പുറത്തിറക്കി. കൊവിഡ് വ്യാപനവും മാര്‍ഗ നിര്‍ദേശ ലംഘനവും നിയന്ത്രിക്കാന്‍ മദ്യശാലകൾക്ക് നൽകുന്ന കിഴിവുകള്‍ സർക്കാർ ഒഴിവാക്കിയിരുന്നു.
ഫെബ്രുവരിയിലായിരുന്നു ഇത്തരത്തില്‍ കിഴിവുകളും പദ്ധതികളും താത്‌കാലികമായി എടുത്തുകളഞ്ഞ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. മഹാമാരി സാഹചര്യം മാറിയ വേളയില്‍ ഇത് പുനസ്ഥാപിക്കുകയായിരുന്നു. 2010 ലെ ഡൽഹി എക്‌സൈസ് നിയമം 20 കർശനമായി പാലിച്ചുകൊണ്ട് ദേശീയ തലസ്ഥാനത്തിന്‍റെ (National Capital Territory) അധികാരപരിധിയിൽ മദ്യം വിൽക്കാന്‍ കടകള്‍ക്ക് ചില്ലറ വില്‍പ്പനയുടെ 25 ശതമാനം ഇളവ് അനുവദിക്കും.
ALSO READ | ക്രിസ്ത്യൻ പ്രാര്‍ഥനയ്ക്ക് രാമക്ഷേത്രം: ബിജെപിയുടെ വാദം തള്ളി പൊലീസ്
ഡൽഹി എക്‌സൈസ് ആക്‌ടിന്‍റെ സെക്ഷൻ നാല് പ്രകാരമാണിതെന്ന് വകുപ്പ് കമ്മിഷണർ ലൈസൻസികൾക്ക് നിര്‍ദേശം നല്‍കികൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. ലൈസൻസിന്‍റെ നിബന്ധനകളും വ്യവസ്ഥകളും കർശനമായി പാലിക്കണം. ലംഘനങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ ഡൽഹി എക്സൈസ് നിയമവും മറ്റ് നിയമങ്ങളും ചുമത്തി കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കും.
പൊതുതാത്‌പര്യം കണക്കിലെടുത്ത് കിഴിവ് എപ്പോൾ വേണമെങ്കിലും പിൻവലിക്കാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്‌തമാണെന്നും ഉത്തരവില്‍ പറയുന്നു.