ന്യൂഡല്‍ഹി: വായു മലിനീകരണം (Delhi pollution crisis) നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ (Lockdown in Delhi) സുപ്രീംകോടതിയില്‍. അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് അനുയോജ്യമാകുമെന്നും ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു (Supreme Court advised lockdown).
'മലിനീകരണം നിയന്ത്രിക്കാൻ സമ്പൂർണ ലോക്ക്ഡൗൺ പോലുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാണ്. എന്നാല്‍ എൻസിആർ പ്രദേശങ്ങളിലും ലോക്ക്‌ഡൗണ്‍ നടപ്പാക്കിയാൽ മാത്രമേ ഇത് അർത്ഥപൂർണമാകൂ,' ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. എന്നാല്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ചെറിയ തോതില്‍ മാത്രമേ ഫലം ചെയ്യുകയൊള്ളുവെന്നും ആംആദ്‌മി സര്‍ക്കാര്‍ വ്യക്തമാക്കി.
ഡല്‍ഹിയിലേയും അതിര്‍ത്തി പ്രദേശങ്ങളിലേയും വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. വായു മലിനീകരണ തോത് കുറയ്ക്കുന്നതിന് രണ്ട് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കാമെന്നും കോടതി നിർദേശിച്ചു.
ഡൽഹിയിലെ ഉയർന്ന മലിനീകരണവുമായി ബന്ധപ്പെട്ട് മലിനീകരണ തോത് കുറയ്ക്കുന്നതിന് നിർദേശങ്ങൾ ആവശ്യപ്പെട്ട് വിദ്യാർഥിയായ ആദിത്യ ദുബെ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ നിർദേശം.
Read more: Delhi Air Pollution: വായുമലിനീകരണം, ലോക്ക് ഡൗണ്‍ നിര്‍ദേശിച്ച് സുപ്രീംകോടതി