ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥരുടെ പേരില്‍ ആൾമാറാട്ടം നടത്തിയുള്ള സൈബർ തട്ടിപ്പുകള്‍ തടയാന്‍ ഡൽഹി പൊലീസ്. കോളർ ഐഡി വെരിഫിക്കേഷൻ പ്ലാറ്റ്‌ഫോമായ ട്രൂകോളറിന്‍റെ സഹകരണത്തോടെയാണ് അധികൃതരുടെ നീക്കം. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഡൽഹി പൊലീസും ട്രൂ കോളര്‍ പ്ലാറ്റ്‌ഫോമും ഒപ്പുവയ്‌ക്കും.
ഡൽഹിയിലെ ജനങ്ങളില്‍ ഇതേക്കുറിച്ച് അവബോധമുണ്ടാക്കുകയാണ്, സൈബർ തട്ടിപ്പുകൾക്കെതിരായ സംയുക്ത ബോധവത്‌കരണ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ആപ്പിന്‍റെ സർക്കാർ ഡയറക്‌ടറി സേവനങ്ങളിൽ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നമ്പറുകൾ ആദ്യ ഘട്ടത്തില്‍ ട്രൂകോളർ ഉള്‍പ്പെടുത്തും. ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
'ഉദ്യോഗസ്ഥരെ എളുപ്പത്തില്‍ തിരിച്ചറിയാം': 'കൊവിഡ് മഹാമാരി സമയത്ത്, ട്രൂകോളർ ഞങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഓക്‌സിജൻ സിലിണ്ടറുകൾ, കോൺസെൻട്രേറ്ററുകൾ, മരുന്നുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വിൽപനയുടെ പേരിൽ ധാരാളം തട്ടിപ്പുകള്‍ റിപ്പോർട്ട് ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ തട്ടിപ്പുകാരെ തിരിച്ചറിയാന്‍ ട്രൂകോളർ ഉപയോഗപ്പെടുത്തിയത് ഗുണം ചെയ്‌തു'- ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സുമൻ നൽവ ദേശീയ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.
വാട്‌സ്ആപ്പ് പ്രൊഫൈലിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രം ഉള്‍പ്പെടുത്തി പണം തട്ടിയെടുത്ത വിവിധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതടക്കമുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. ഡൽഹി പൊലീസിന്‍റെ എല്ലാ വെരിഫൈഡ് നമ്പറുകൾക്കും പച്ച ബാഡ്‌ജും നീല ടിക്ക് അടയാളവും ഉണ്ടായിരിക്കും. ഇതിലൂടെ പൊലീസ് ഉദ്യോഗസ്ഥരെ ഉപയോക്താക്കൾക്ക് എളുപ്പത്തില്‍ തിരിച്ചറിയാനാവുമെന്നും ഡല്‍ഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു.