ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖർ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടിയും മോഡലും നർത്തകിയുമായ നോറ ഫത്തേഹിയെ ചോദ്യം ചെയ്‌ത് ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ലിയു). ഏഴ് മണിക്കൂറില്‍ അധികമാണ് നോറയെ ഇഒഡബ്ലിയു ചോദ്യം ചെയ്‌തത്. തന്‍റെ പക്കല്‍ നിന്ന് ആഢംബര കാറുള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ കൈപ്പറ്റി എന്ന് കേസിലെ മുഖ്യ പ്രതി സുകേഷ് ചന്ദ്രശേഖര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടിയെ ചോദ്യം ചെയ്‌തത്.
എന്നാല്‍ വാഗ്‌ദാനം ചെയ്‌തതല്ലാതെ തനിക്ക് സുകേഷ് കാര്‍ സമ്മാനിച്ചിട്ടില്ലെന്ന് നടി മൊഴി നല്‍കി. കേസില്‍ മുമ്പ് ഇഡി നടിയെയും സുകേഷിനെയും ഒരുമിച്ച് ചോദ്യം ചെയ്‌തിരുന്നു. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്ത കേസിൽ സുകേഷ് ചന്ദ്രശേഖറിനെയും പങ്കാളിയും നടിയും മോഡലുമായ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്‌തിരുന്നു.
ജയിലിലായിരുന്ന ശിവീന്ദര്‍ സിങ്ങിന് ജാമ്യം സംഘടിപ്പിക്കാന്‍ സഹായം വാഗ്‌ദാനം ചെയ്‌താണ് തട്ടിപ്പ് നടത്തിയത്. നിയമ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആണെന്ന വ്യാജേനെയാണ് സിങ്ങിന്‍റെ കുടുംബവുമായി പരിചയത്തിലായത്. പിന്നീട് അവരുടെ പക്കല്‍ നിന്ന് 200 കോടി രൂപ ആവശ്യപ്പെട്ടു.
എന്നാല്‍ ഈ സമയം സുകേഷ് ഡല്‍ഹിയിലെ ജയിലില്‍ കഴിയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെയും ഇഡി പ്രതി ചേര്‍ത്തിരുന്നു. സുകേഷ് തട്ടിയെടുത്ത പണത്തിന്‍റെ ഗുണഭോക്താവ് ജാക്വിലിനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു ഇഡിയുടെ നടപടി. മാത്രമല്ല, സുകേഷ് ചന്ദ്രശേഖർ തട്ടിപ്പുകാരനാണെന്ന് താരത്തിന് അറിയാമായിരുന്നു എന്നും ഇത് അറിഞ്ഞു കൊണ്ടാണ് നടി അയാളുമായുള്ള സൗഹൃദം തുടര്‍ന്നതെന്നും ഇഡി കണ്ടെത്തി.
കൂടാതെ നടി സുകേഷില്‍ നിന്നും പണവും മറ്റു സമ്മാനങ്ങളും കൈപ്പറ്റിയിരുന്നു എന്നും ഇഡി കണ്ടെത്തി. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും ലഭിച്ച തട്ടിപ്പു തുക ജാക്വിലിന്‍ സഹോദരന്‍റെയും സഹോദരിയുടെയും അക്കൗണ്ടുകളിലാണ് നിക്ഷേപിച്ചിരുന്നത്. ജാക്വിലിൻ ഫെർണാണ്ടസ് സുകേഷുമായി വീഡിയോ കോളിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായും കേസിലെ പ്രധാന സാക്ഷികളും പ്രതികളും മൊഴി നല്‍കിയിരുന്നു.
മാത്രമല്ല താരത്തിന് സമ്മാനങ്ങൾ നൽകിയതായി സുകേഷും സമ്മതിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഏറ്റവുമൊടുവില്‍ ജൂണില്‍ ഉള്‍പ്പടെ ഇതിനോടകം ഒന്നിലധികം തവണ ഇഡി ജാക്വിലിനെ ചോദ്യം ചെയ്‌തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമായ പിഎംഎല്‍എക്ക് കീഴില്‍ താരത്തിന്‍റെ പക്കല്‍ നിന്നും 15 ലക്ഷം രൂപ ഉള്‍പ്പടെ 7.27 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
സുകേഷ് ചന്ദ്രശേഖർ താരത്തിന് പത്ത് കോടി രൂപയുടെ സമ്മാനങ്ങൾ അയച്ചതായും ഇഡി കണ്ടെത്തി. സെപ്‌റ്റംബര്‍ 26ന് നടിയോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം ഉണ്ട്. സിബിഐ, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്, ആദായനികുതി വിഭാഗം, സംസ്ഥാന പൊലീസ് എന്നിവര്‍ ചേര്‍ന്ന് 32 ലധികം ക്രിമിനൽ കേസുകളില്‍ സുകേഷ് ചന്ദ്രശേഖറിനെതിരെ അന്വേഷണം നടത്തിയിരുന്നു.