ന്യൂഡല്‍ഹി: ഏഴ് വനിത ഗുസ്‌തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണങ്ങളിൽ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഇന്ന് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചതായി സുപ്രീം കോടതിയെ അറിയിച്ച് ഡല്‍ഹി പൊലീസ്. ആരോപണങ്ങള്‍ പുറത്തുവന്ന ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സംഭവത്തില്‍ എഫ്‌ഐആര്‍ ഇന്ന് (വെള്ളിയാഴ്‌ച) രജിസ്‌റ്റര്‍ ചെയ്യുമെന്ന് ഡൽഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്‌റ്റിസ് പിഎസ് നരസിംഹയും അടങ്ങുന്ന ബെഞ്ചിനെ അറിയിച്ചത്. അതേസമയം വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ ഗുസ്‌തി താരങ്ങൾ കഴിഞ്ഞ ഞായറാഴ്‌ച മുതൽ ഡല്‍ഹിയിലെ ജന്തർ മന്തറിന് മുന്നില്‍ കുത്തിയിരിപ്പ് സമരത്തിലാണ്.
എഫ്‌ഐആര്‍ ഇന്നുണ്ടാകുമെന്നറിയിച്ച് പൊലീസ്: റെസ്‌ലിങ് ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷൺ സിങിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ലെന്നറിയിച്ച് ഏഴ് വനിത ഗുസ്‌തി താരങ്ങള്‍ സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ്, തങ്ങൾ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ തീരുമാനിച്ചുവെന്നും അത് ഇന്നുതന്നെ രജിസ്‌റ്റർ ചെയ്യുമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചത്. അതേസമയം ലൈംഗികാതിക്രമത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ ഒരാൾക്ക് ഭീഷണിയുണ്ട് എന്നതിലെ സ്ഥിതി വിലയിരുത്താനും മതിയായ സുരക്ഷ ഉറപ്പാക്കുവാനും ഡൽഹി പൊലീസ് കമ്മിഷണറോട് ചീഫ് ജസ്‌റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.
പ്രതിഷേധം ഇരമ്പുന്നു: പരാതിയില്‍ നടപടിയും നീതിയും ലഭ്യമാകുന്നതുവരെ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് റെസ്‌ലിങ് താരവും, പ്രമുഖ ഗുസ്‌തി താരമായ ബജ്‌രാജ് പുനിയയുടെ ഭാര്യ സംഗീത ഫൊഗട്ട് പ്രതികരിച്ചിരുന്നു. ഞങ്ങള്‍ക്ക് മുമ്പും നീതി ലഭിച്ചില്ല. അതുകൊണ്ട് അന്നും ഇന്നും ഞങ്ങള്‍ നീതിക്കുവേണ്ടി പോരാടുകയാണ്. കുറ്റവാളിക്ക് ശിക്ഷ ലഭിക്കുന്നത് വരെ ഞങ്ങള്‍ ഇത് തുടരുമെന്ന് സംഗീത ഫൊഗട്ട് പറഞ്ഞു. പെണ്‍കുട്ടികള്‍ അയാള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ത്തിയതിനാല്‍ തന്നെ ലൈംഗികാതിക്രമത്തിന് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുകയും നിയമപ്രകാരം ശിക്ഷിക്കപ്പെടുകയും വേണമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതുവരെ ആരും തന്നെ തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് നേരിട്ടെത്തിയോ ഫോണ്‍കോള്‍ വഴിയോ അറിയിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പി.ടി ഉഷയുടെ പ്രതികരണവും, മറുപടി പ്രതികരണങ്ങളും: ജന്തര്‍ മന്തറില്‍ നടക്കുന്ന കുത്തിയിരിപ്പ് സമരത്തില്‍ ആരോപണമുന്നയിച്ച ഗുസ്‌തി താരങ്ങള്‍ക്കൊപ്പം വിനേഷ് ഫൊഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ ഉള്‍പ്പടെയുള്ള മുൻനിര ഇന്ത്യൻ റെസ്‌ലര്‍മാരും മറ്റ് നിരവധി ഗുസ്‌തി താരങ്ങളും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റിനെതിരെ തെരുവിലിറങ്ങുന്നതിന് പകരം ഗുസ്‌തി താരങ്ങള്‍ അധികൃതരെ നേരത്തെ സമീപിക്കേണ്ടതായിരുന്നുവെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി ഉഷ മുമ്പ് പ്രതികരിച്ചിരുന്നു. ലൈംഗിക പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) ഒരു കമ്മിറ്റിയുണ്ടെന്നും തെരുവിലിറങ്ങുന്നതിന് പകരം അവർക്ക് ഞങ്ങളുടെ അടുത്തേക്ക് വരാമായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. കായിക മേഖലക്ക് ഇത് നല്ലതല്ലെന്നും അവർ കുറച്ച് അച്ചടക്കം കാണിക്കണമായിരുന്നുവെന്നും പി.ടി ഉഷ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പി.ടി ഉഷയുടെ അഭിപ്രായത്തില്‍ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് വിനേഷ് ഫൊഗട്ട് കഴിഞ്ഞദിവസം നിരാശ പ്രകടിപ്പിച്ചിരുന്നു.