ന്യൂഡൽഹി: ഓക്‌സിജൻ സിലിണ്ടർ വിതരണത്തിന്‍റെ പേരിൽ പണം തട്ടിയെടുത്ത നാല് പേർ പിടിയിൽ. ഡൽഹി സ്വദേശിനിയായ യുവതിക്ക് ഓക്‌സിജൻ എത്തിച്ച് നൽകാമെന്ന പേരിൽ 15000 രൂപ തട്ടിയെടുത്ത കേസിലാണ് പ്രതികൾ പിടിയിലാകുന്നത്. നളന്ദ സ്വദേശികളായ ബലേന്ദർ ചൗധരി, ഗോപാൽ, കാമേശ്വർ പാർഷദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായവരിൽ ഒരു പ്രായപൂർത്തിയാകാത്താളും ഉൾപ്പെടുന്നുണ്ട്. പ്രതികളിൽ നിന്നും 15 മൊബൈൽ ഫോണുകൾ, 13 വ്യാജ സിം കാർഡുകൾ, നാല് വ്യാജ ആധാർ കാർഡുകൾ, അഞ്ച് പാസ് ബുക്കുകൾ, മൂന്ന് എടിഎം കാർഡുകൾ ,15,675 രൂപ എന്നിവയും കണ്ടെത്തി.
ALSO READ:നിയമ പരിരക്ഷ ആവശ്യപ്പെട്ട് സിറം ഇൻസ്റ്റിറ്റ്യൂട്ടും രംഗത്ത്
ഡൽഹി സ്വദേശിനി ഹർലീൻ കൗറിന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സോഷ്യൽ മീഡിയ വഴി ലഭ്യമായ നമ്പറിലാണ് യുവതി ഓക്‌സിജൻ സിലിണ്ടർ ബുക്ക് ചെയ്യുന്നതിനായി പ്രതികളെ സമീപിക്കുന്നത്. തുടർന്ന് ഓരോ സിലിണ്ടറിനും 7500 രൂപ മുൻകൂർ നൽകണമെന്ന് പ്രതികൾ ആവശ്യപ്പെടുകയായിരുന്നു. രണ്ട് സിലിണ്ടറുകളുടെ മുൻകൂർ തുകയായി യുവതി ഇവർക്ക് 15000 രൂപ കൈമാറുകയും ചെയ്തു. തുടർന്ന് വിവരം ഒന്നും ഇല്ലാത്തതിനെത്തുടർന്നാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത് . പ്രതികൾ ഓക്‌സിജൻ സിലിണ്ടറിന്‍റെ പേരിൽ വൻ തട്ടിപ്പാണ് നടത്തി വന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.