ന്യൂഡൽഹി : അന്തർസംസ്ഥാന അനധികൃത ആയുധ വില്‍പ്പന സംഘത്തിലെ രണ്ട് പേര്‍ ഡല്‍ഹിയില്‍ പിടിയില്‍. ഇതേ സംഘത്തിലെ മൂന്ന് പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശിലെ തുണ്ട്‌ല, ഹരിയാനയിലെ ഗുരുഗ്രാം എന്നിവിടങ്ങളില്‍ നിന്നായാണ് ആദിത്യ താക്കൂർ, മോഹിത് നഗർ എന്നിവരെ പൊലീസ് പിടികൂടിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പ്രിയങ്ക കശ്യപ് പറഞ്ഞു.
Read Also.......ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്‌ബാൽ കസ്‌കർ അറസ്റ്റില്‍
രണ്ട് പ്രതികളിൽ നിന്ന് രണ്ട് റിവോൾവറുകളും നാല് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് കല്യാൺപുരി പോലീസ് സ്റ്റേഷനിൽ, ആയുധ നിയമത്തിലെ 25, 54, 59 വകുപ്പുകൾ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു.
ഉത്തർപ്രദേശ് നിവാസികളായ സന്തോഷ്, ഓം ശരൺ, ബൻസി ബെയ്‌സ് എന്നിവരാണ് മുന്‍പ് അറസ്റ്റിലായ മൂന്ന് പേര്‍. ഇവരില്‍ നിന്ന് ആറ് അത്യാധുനിക റിവോൾവറുകൾ, ഒരു സെമി ഓട്ടോമാറ്റിക് പിസ്റ്റൾ, അഞ്ച് സിംഗിൾ ഷോട്ട് തോക്കുകൾ, 46 ലൈവ് കാട്രിഡ്ജുകൾ എന്നിവ കണ്ടെടുത്തിരുന്നതായും ഡിസിപി അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് ആഗ്ര, തുണ്ട്‌ല, ഫിറോസാബാദ്, ഡല്‍ഹി എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയതായി പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.