ന്യൂഡൽഹി : ഭാര്യയുമായുള്ള വേർപിരിയലിൽ മനംനൊന്ത് സ്വയം കഴുത്തറുത്ത് കയ്യിൽ ആയുധങ്ങളുമായി തെരുവിലൂടെ ഓടി യുവാവ്. ഷഹ്‌ദാര ജില്ലയിലെ മാനസസരോവർ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഥു ചൗക്കിൽ വ്യാഴാഴ്‌ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവ വികാസങ്ങൾ അരങ്ങേറിയത്. കൃഷൻ ഷെർവാൾ (29) എന്ന യുവാവാണ് മണിക്കൂറുകളോളം പ്രദേശത്തെ മുൾമുനയിൽ നിർത്തിയത്.
ഭാര്യയുമായുള്ള വേർപിരിയലിനോട് പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ ഇയാൾ സ്വയം കഴുത്തറുക്കുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. ഷഹ്ദാരയിലെ ഹർദീപ് പുരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവാവ്. അടുത്തിടെയാണ് ഇയാളും ഭാര്യയും തമ്മിൽ വേർപിരിഞ്ഞത്. അന്നുമുതൽ വിഷാദാവസ്ഥയിലായിരുന്നു കൃഷൻ എന്നും പ്രദേശവാസികൾ പറയുന്നു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇയാൾ സ്വയം കഴുത്ത് മുറിച്ചത്. പിന്നാലെ ഒരു യുവാവ് കഴുത്തറുത്ത് രക്‌തത്തിൽ കുളിച്ച് റോഡിലൂടെ ഓടുന്നു എന്ന വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് ഡൽഹി പൊലീസിന്‍റെ ഒരു സംഘം സംഭവ സ്ഥലത്ത് എത്തി. സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെയും യുവാവ് ആക്രമിച്ചു.
ഇതിനിടെ ഷെർവാൾ എഎസ്‌ഐ ജിതേന്ദർ പവാറിനെ ആക്രമിച്ച ശേഷം പ്രതി ഇയാളുടെ സർവീസ് പിസ്റ്റളും തട്ടിയെടുത്തു. തുടർന്ന് ഒരു കയ്യിൽ കത്തിയും മറുകയ്യിൽ തോക്കുമായി ഇയാൾ തെരുവിലൂടെ ഓടുകയും റോഡിലുണ്ടായിരുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ഒത്തുകൂടി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ പിടികൂടിയത്.
തുടർന്ന് ഇയാളെ ഡൽഹി പൊലീസിന് കൈമാറി. കഴുത്തിൽ ഗുരുതരമായ മുറിവേറ്റതിനാൽ ഉടൻ തന്നെ പൊലീസ് കൃഷൻ ഷെർവാളിനെ ഡൽഹിയിലെ ജിടിബി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഇയാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ALSO READ: ഭാര്യയ്‌ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയം; കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്
ഭാര്യയെ കൊന്ന് ഭർത്താവ്: കഴിഞ്ഞ മാസം പശ്ചിമബംഗാളിൽ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. പശ്ചിമബംഗാള്‍ സിലിഗുരി സ്വദേശിയായ സുദീപ് ബൈഷ്യയാണ് ഭാര്യ സുപ്രിയ സിങ്ങിനെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ യുവതിയെ സിലിഗുരി ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ സുദീപിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സുപ്രിയ സിങ്ങിന് മറ്റൊരു പുരുഷനുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് സുദീപും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നു. തുടർന്ന് ഇരുവരും പ്രത്യേകം വീടുകളി താമസവുമാക്കിയിരുന്നു. സംഭവ ദിവസം ഇയാള്‍ കുടുംബത്തെ കാണാന്‍ സുപ്രിയയുടെ വീട്ടിലേക്ക് എത്തി.
ഇതിനിടെ ഇരുവരും തമ്മിൽ വഴക്കിടുകയും സുദീപ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ഇവര്‍ക്ക് നാലു വയസുകാരിയായ ഒരു മകളുണ്ട്.
ALSO READ: മറ്റൊരാളുമായി അടുപ്പമെന്ന സംശയം; ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്