ന്യൂഡല്‍ഹി: ഉപഭോക്താവിന്‍റെ അവകാശങ്ങളെ കുറിച്ച് പലരും ഇപ്പോഴും ബോധവാന്‍മാരല്ല. പലവിധത്തിലുള്ള വഞ്ചനകള്‍ക്ക് ദിവസേന ഇരയാകുന്നവരാണ് ഓരോ ഉപഭോക്താവും. ചിലര്‍ അവയൊന്നും അറിയുന്നത് പോലും ഉണ്ടാകില്ല. ചിലരാണെങ്കില്‍ താന്‍ വഞ്ചിക്കപ്പെട്ടു എന്ന് മനസിലാക്കിയാലും നിയമ നടപടിയിലേക്കോ മറ്റോ കടക്കാനുള്ള മടി കാരണം അവ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ചിലരെല്ലാം ഒരു ഉപഭോക്താവെന്ന നിലയില്‍ തന്‍റെ അവകാശം ഹനിക്കപ്പെട്ടു എന്ന് മനസിലാക്കുകയോ താന്‍ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിയുകയോ ചെയ്‌താല്‍ എന്തുതന്നെ നേരിടേണ്ടി വന്നാലും ഉപഭോക്തൃ കോടതിയെ സമീപിച്ച് നീതിയ്‌ക്കായി പോരാടുകയും ചെയ്യും.
ഇത്തരമൊരു വാര്‍ത്തയാണ് ഡല്‍ഹിയില്‍ നിന്ന് പുറത്തു വരുന്നത്. ഒരു കാപ്പി കുടിക്കാനായി കഫേയില്‍ എത്തിയ തെക്കന്‍ ഡല്‍ഹി നിവാസിയായ കമല്‍ ആനന്ദ് ആണ് 10 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നീതി നേടിയത്. പ്രതി സ്ഥാനത്തുണ്ടായിരുന്ന പ്രശസ്‌തമായ സ്ഥാപനത്തിന് പിഴയായി നല്‍കേണ്ടി വന്നത് 61,201 രൂപയും. ഒരു കാപ്പി ഉണ്ടാക്കിവച്ച വിനയുടെ കഥയാണിത്.
സംഭവം ഇങ്ങനെ: 2013 ലാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. കമല്‍ ആനന്ദും ഭാര്യയും ജില്ല സെന്‍റര്‍ സാകേതിലുള്ള മാളില്‍ പ്രവര്‍ത്തിച്ചിരുന്ന കോസ്റ്റ കോഫി ഔട്ട്‌ലെറ്റില്‍ കാപ്പി കുടിക്കാനായി എത്തിയതായിരുന്നു. ഔട്ട്‌ലെറ്റിലെ ജീവനക്കാര്‍ അവര്‍ക്ക് ഒരു ഓഫര്‍ സ്ലിപ്പ് നല്‍കി. കോഫി കുടിക്കാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് അന്നേ ദിവസം പാര്‍ക്കിങ് ഫ്രീ ആണെന്ന് കാണിക്കുന്ന ഓഫര്‍ സ്ലിപ്പായിരുന്നു അത്.
കമലും ഭാര്യയും രണ്ട് കാപ്പി കുടിച്ചു. 570 രൂപ ബില്ലും അടച്ച് കഫേയ്‌ക്ക് പുറത്തിറങ്ങി. പാര്‍ക്കിങ് ലോട്ടില്‍ നിന്ന് പുറത്ത് എത്തിയപ്പോഴാണ് ജീവനക്കാരന്‍ പാര്‍ക്കിങ് ഫീസായി 60 രൂപ ആവശ്യപ്പെട്ടത്. കമല്‍ ഉടന്‍ പാര്‍ക്കിങ് അറ്റന്‍ഡന്‍റിനെ ഓഫര്‍ സ്ലിപ്പ് കാണിച്ചു. ഓഫറിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം പാര്‍ക്കിങ് ഫീസ് ആവശ്യപ്പെട്ടു.
കോസ്റ്റ കഫേയുടെ നടത്തിപ്പുകാരോടും മാള്‍ ഉടമയോടും കമല്‍ പരാതിപ്പെട്ടു. എന്നാല്‍ എല്ലാവരും കുറ്റം കമലിന്‍റെ ചുമലില്‍ വയ്‌ക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് കമല്‍ ദക്ഷിണ ഡല്‍ഹിയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ പരാതി നല്‍കിയത്. കേസ് പരിഗണിക്കുന്ന വേളയില്‍ കോഫി ഔട്ട്‌ലെറ്റില്‍ നിന്ന് ലഭിച്ച ഓഫര്‍ സ്ലിപ്പ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ കമല്‍ ഹാജരാക്കി. അതേസമയം അദ്ദേഹത്തിന്‍റെ വാദങ്ങളെ പ്രതിരോധിക്കാനുള്ള യാതൊരു തെളിവും ഹാജരാക്കാന്‍ കോസ്റ്റ കോഫിക്ക് സാധിച്ചില്ല.
പ്രസ്‌തുത കേസ് കേവലം ഒരു 60 രൂപയുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും ഉപഭോക്താവിന്‍റെ അവകാശത്തെയും സ്ഥാപനത്തിന്‍റെ കടമയെയും ഓര്‍മിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഉപഭോക്താവിനെ ഓഫര്‍ നല്‍കി ആകര്‍ഷിക്കുകയും തക്കസമയം വന്നപ്പോല്‍ ഓഫര്‍ നിരസിക്കുകയും ചെയ്‌ത പ്രവൃത്തി, നല്‍കുന്ന സേവനത്തിന് ചീത്ത പേര് ഉണ്ടാക്കുമെന്നും കോടതി പറഞ്ഞു. തന്‍റെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയതിനും ഈ അനീതിക്കെതിരെ നിലകൊണ്ടതിനും കമല്‍ ആനന്ദിനെ കോടതി പ്രശംസിച്ചു. ഒപ്പം കോസ്റ്റ കോഫിക്ക് 61,201 രൂപ പിഴ ചുമത്തുകയും ചെയ്‌തു.