ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ നിന്ന് മുന്‍നിര ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ടിനേയും ബജ്‌രംഗ് പൂനിയയേയും ഒഴിവാക്കുന്ന നടപടികളില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ ഇരുവര്‍ക്കും നേരിട്ട് പ്രവേശനം അനുവദിച്ചതിനെതിരെ അണ്ടര്‍ 20 ലോക ചാമ്പ്യന്‍ ആന്‍റിം പംഗലും അണ്ടര്‍ 23 ഏഷ്യന്‍ ചാമ്പ്യന്‍ സുജിത് കല്‍ക്കിയിലും നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ജസ്‌റ്റിസ് സുബ്രഹ്മണിയം പ്രസാദിന്‍റേതാണ് നടപടി.
തീരുമാനം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ അഡ്-ഹോക്ക് കമ്മിറ്റിയുടേത്: ഒളിമ്പിക് മെഡൽ ജേതാവായ ബജ്‌രംഗ് പുനിയ പുരുഷന്മാരുടെ ഫ്രീ സ്‌റ്റൈൽ 65 കിലോ വിഭാഗത്തിലേക്കും ലോക ചാമ്പ്യന്‍ഷിപ്പ് മെഡൽ ജേതാവായ വിനേഷ് ഫോഗട്ട് വനിതകളുടെ 53 കിലോ വിഭാഗത്തിലേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ദേശീയ ഗുസ്‌തി ഫെഡറേഷന്‍റെ നടത്തിപ്പും ചുമതലയും വഹിക്കുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ അഡ്-ഹോക്ക് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍ മറ്റ് ഗുസ്‌തി താരങ്ങള്‍ക്ക് ജൂലൈ 22, 23 തിയതികളിൽ നടക്കുന്ന സെലക്ഷന്‍ ട്രയൽസിലൂടെ മാത്രമേ ഇന്ത്യൻ ടീമിലേക്ക് ഇടം ലഭിക്കൂ.
ഇതോടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ അഡ്-ഹോക്ക് കമ്മിറ്റി പുറപ്പെടുവിച്ച നിർദേശം റദ്ദാക്കണമെന്നും ഫോഗട്ടിനും പുനിയയ്ക്കും നൽകിയ ഇളവ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. അഭിഭാഷകരായ ഹൃഷികേശ് ബറുവ, അക്ഷയ് കുമാർ എന്നിവരാണ് അന്‍റിം പങ്കല്‍, സുജീത് കൽകൽ എന്നിവര്‍ക്കായി കോടതിയില്‍ ഹാജരായത്.
അന്താരാഷ്‌ട്ര ഗുസ്‌തി ഫെഡറേഷന്‍റെ നിബന്ധന പ്രകാരം ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയവയ്‌ക്ക് സെലക്ഷന്‍ ട്രയല്‍ർസ് നിര്‍ബന്ധമാണ്. എന്നാല്‍, ഒളിമ്പിക് ചാമ്പ്യന്മാരെയും ലോക ചാമ്പ്യന്മാരെയും ട്രയല്‍സില്‍ നിന്നും ഒഴിവാക്കുന്നതിനായി സെലക്ഷന്‍ കമ്മിറ്റിക്ക് ശുപാര്‍ശയുണ്ട്. മുഖ്യപരിശീലകരുടെയോ വിദേശ വിദഗ്‌ധരുടെയോ ശുപാര്‍ശ പ്രകാരമാണ് സെലക്ഷന്‍ കമ്മിറ്റിക്ക് തങ്ങളുടെ വിവേചനാധികാരം പ്രയോഗിക്കാന്‍ കഴിയുക.
മത്സരങ്ങള്‍ക്ക് വിലക്കായി സമരം: എന്നാല്‍ ഈ വ്യവസ്ഥ 2022 ഓഗസ്‌റ്റില്‍ ചേര്‍ന്ന റെസ്‌ലിഭ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ(ഡബ്ലൂഎഫ്‌ഐ) ജനറല്‍ ബോഡി പിന്‍വലിച്ചിട്ടുണ്ടെന്ന് വാദി ഭാഗം അഭിഭാഷകര്‍ വാദിച്ചു. പക്ഷേ, അത്തരമൊരു തീരുമാനം രേഖകളില്‍ ഇല്ലെന്നാണ് ഇന്ത്യന്‍ ഒളിമ്പിക്ക് അസോസിയോഷന്‍റെ അഡി-ഹോക്ക് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ നിന്നാണ് ഫോഗട്ടിനെയും പുനിയയെയും ഒഴിവാക്കിയതിന്‍റെ കാരണങ്ങള്‍ അറിയിക്കാന്‍ അഡ്-ഹോക്ക് കമ്മിറ്റിയോട് നേരത്തെ തന്നെ കോടതി ആവശ്യപ്പെട്ടിരുന്നു.
റെസ്‌ലിങ് ഫോഡറേഷന്‍റെ മുന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ സമരത്തില്‍ നേതൃത്തിലുണ്ടായിരുന്ന ബജ്‌രംഗിനും വിനേഷിനും ഈ വര്‍ഷം നടന്ന മത്സരങ്ങളിലൊന്നും പങ്കടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, മറ്റ് ചില താരങ്ങള്‍ മികച്ച് പ്രകടനം നടത്തിയിരുന്നു.