ന്യൂഡൽഹി: വാട്‌സ്ആപ്പിന്‍റെ സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സർക്കാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാട്ട്‌സ്ആപ്പിന്‍റെ പുതിയ സ്വകാര്യത നയം പരിഗണനയിലാണെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെതിരെ പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും കേസ് പരിഗണിക്കവെ കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും ഉപഭോക്താക്കൾക്ക് വ്യത്യസ്‌ത നയമാണ് സമൂഹ മാധ്യമം നടപ്പാക്കുന്നതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ കോടതിയിൽ വ്യക്തമാക്കി. ഡാറ്റ സംരക്ഷണ ബില്ലിന്‍റെ അഭാവം പരാതിക്കാരൻ ചൂണ്ടിക്കാണിക്കവെ ബിൽ ജോയിന്‍റ് പാർലമെന്‍ററി കമ്മറ്റിയുടെ പരിഗണനയിലാണെന്ന് എഎസ്‌ജി ചൂണ്ടിക്കാട്ടി. വാട്ട്‌സ്ആപ്പിന്‍റെ പുതിയ സ്വകാര്യത നയം രാജ്യത്തിന്‍റെ സുരക്ഷയ്ക്കും ജനാധിപത്യത്തിനും ഭീഷണിയാണെന്ന് കേസ് പരിഗണിക്കവെ കൗൺസിൽ മനോഹർ ലാൽ പരാതിക്കാരന് വേണ്ടി കോടതിയെ അറിയിച്ചു.
വാട്‌സ്‌ആപ്പ് നിർബന്ധമായി ഉപയോഗിക്കേണ്ട ആപ്ലിക്കേഷൻ അല്ലെന്നും ആവശ്യമുള്ളവർ മാത്രം ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ മതിയെന്നും കോടതി നിരീക്ഷിച്ചിരുന്നു. പാർലമെന്‍റ് ഈ വിഷയം പരിഗണിക്കുകയാണെങ്കിൽ കോടതിക്ക് വിഷയത്തിൽ ഇടപെടാൻ കഴിയുമോ എന്നും കോടതി ചോദിച്ചിരുന്നു.
കൂടുതൽ വായിക്കാൻ: പുതിയ സ്വകാര്യത നയം മാറ്റത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വാട്സ് ആപ്പ്