ന്യൂഡല്‍ഹി: 28 ആഴ്‌ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എയിംസ് വിദഗ്‌ധ സമിതിയുടെ അഭിപ്രായം തേടി ഡല്‍ഹി ഹൈക്കോടതി. ഗര്‍ഭസ്ഥ ശിശുവിന് ജീവനുണ്ടെന്നും പ്രസവത്തിന് ശേഷവും വൈദ്യസഹായത്തോടെ കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നും വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
ഗര്‍ഭസ്ഥശിശുവിന് ഹൃദയമിടിപ്പില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി 33കാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിദഗ്‌ധ സമിതിയുടെ അഭിപ്രായം തേടിയത്. ഗര്‍ഭം അലസിപ്പിക്കാനാകുമോ എന്നതല്ല അങ്ങനെ ചെയ്യേണ്ടതുണ്ടോ എന്നതാണ് കോടതിയുടെ ചോദ്യമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനു മല്‍ഹോത്ര പറഞ്ഞു.
ഗർഭസ്ഥശിശുവിന് ഹൃദയസംബന്ധമായ തകരാറുകളുണ്ടെന്നും അതിജീവിക്കാനുള്ള സാധ്യത വിദൂരമാണെന്നും ചൂണ്ടിക്കാട്ടി മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമം പ്രകാരം ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതിക്കായാണ് ഹർജിക്കാരി കോടതിയെ സമീപിച്ചത്. യുവതിയുടെ പരിശോധന എത്രയും വേഗം നടത്താന്‍ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ഡിസംബർ 22ന് ഹൈക്കോടതി എയിംസിനോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പുണ്ടെന്നും കുഞ്ഞ് ജീവനോടെ ജനിക്കാനുള്ള സാധ്യതയുണ്ടെന്നും ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍റെ (എയിംസ്) അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എയിംസ് മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഗർഭസ്ഥ ശിശുവിന് ജീവനുണ്ടെന്നും ആവശ്യമായ വൈദ്യ പരിചരണവും ശ്രദ്ധയും ലഭിച്ചാല്‍ അത് ജീവിക്കാനുള്ള സാധ്യത 80 ശതമാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗർഭാവസ്ഥയുമായി മുന്നോട്ട് പോകണോയെന്ന് തീരുമാനിക്കുന്നത് അമ്മയുടെ അവകാശമാണെന്നും നിയമമനുസരിച്ച് 24 ആഴ്‌ചകൾക്ക് ശേഷവും ഗർഭധാരണം അവസാനിപ്പിക്കാമെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. ഗർഭം അലസിപ്പിക്കാനാകില്ലെന്ന് ആരും പറയുന്നില്ല. അത് നടപ്പിലാക്കണമോ എന്നതാണ് ചോദ്യമെന്ന് ജസ്‌റ്റിസ് അനു മല്‍ഹോത്ര മറുപടി നല്‍കി.
പ്രസവാനന്തര ഫലത്തെക്കുറിച്ചും കുട്ടിയുടെ ആരോഗ്യത്തിനായി കുട്ടിക്കാലത്ത് ശസ്ത്രക്രിയ ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും തുടർ പരിചരണത്തെക്കുറിച്ചും അഭിപ്രായം അറിയിക്കാനാണ് കോടതി ബോർഡിനോട് നിർദേശിച്ചിരിക്കുന്നത്. ഗർഭം തുടരുകയാണെങ്കിൽ ഹർജിക്കാരിക്ക് ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും അപകടമുണ്ടോയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡിസംബർ 29ന് വീണ്ടും പരിഗണിക്കും.