ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ട്രാഫിക് സിഗ്നനലുകളിലും വിപണികളിലും ഭിക്ഷാടനം താൽക്കാലികമായി നിർത്തലാക്കാൻ നിർദ്ദേശം നൽകിയ ഹർജിയിൽ ഡൽഹി സർക്കാരിനും പൊലീസിനും ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകി. ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലൈ 30ലേക്ക് കേസ് മാറ്റിവച്ചു. അതേസമയം ഭിക്ഷാടകർക്കായുള്ള വാക്സിൻ കുത്തിവയ്‌പ്, ഭക്ഷണം, പാർപ്പിടം, ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തണമെന്നും ഹർജിയിൽ പറയുന്നു.
അഭിഭാഷകനായ നരേന്ദർ പാൽ സിങാണ് ഹർജി സമർപ്പിച്ചത്. കൊവിഡ് വ്യാപനത്തെക്കുറിച്ച് യാചകർക്ക് യാതൊരു അവബോധവുമില്ലെന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. കൂടാതെ കൊവിഡ് പരിശോധന നടത്താൻ ഇവർ തയാറാകുന്നില്ലെന്നും ഇത്തരത്തിൽ പൊതുസഥലങ്ങളിൽ ഭിക്ഷാടനം നടത്തുന്നവർ അധികവും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. ഭിക്ഷാടനം പരിഹരിക്കുന്നതിനും യാചകരെ പുനരധിവസിപ്പിക്കുന്നതിനും വേണ്ട സംവിധാനങ്ങൾ എൻസിടി അഡ്‌മിനിസ്ട്രേഷനും ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്‍റ് ബോർഡും (ഡിയുഎസ്‌ഐബി) ഒന്നിച്ച് നടപ്പിലാക്കണമെന്നും ഹർജിയിൽ പറയുന്നു.
Also Read: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു