ന്യൂഡൽഹി: പഞ്ചാബിൽ നിന്നുള്ള സ്വവർഗ ദമ്പതികൾക്ക് ഡൽഹിയിൽ സുരക്ഷിതമായ വീട് നൽകണമെന്ന ഹർജിയിൽ ഹൈക്കോടതിയുടെ നോട്ടീസ്. ഡൽഹി സർക്കാരിനും സിറ്റി പൊലീസിനുമാണ് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചത്. സ്വവർഗ ദമ്പതികൾക്ക് വിവാഹം ചെയ്യുന്നതിനും ഒരുമിച്ച് താമസിക്കുന്നതിനും സുരക്ഷിതമായ വീട് നൽകണമെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
ദമ്പതികളുടെ അപേക്ഷയിൽ ഡൽഹി സർക്കാരിന്‍റെയും സിറ്റി പൊലീസിന്‍റെയും നിലപാട് വ്യക്തമാക്കാനാണ് ജസ്റ്റിസ് മുക്ത ഗുപ്തയുടെ സിംഗിൾ ജഡ്ജി ബെഞ്ച് നോട്ടീസ് അയച്ചത്. കൂടുതൽ വാദം കേൾക്കുന്നതിനായി ഓഗസ്റ്റ് രണ്ടിന് കേസ് പരിഗണിക്കും. അഭിഭാഷകനായ ഉത്‌കാർഷ് സിംഗ് മുഖേന സ്വവർഗ ദമ്പതികൾക്കൊപ്പം ഹ്യുമാനിറ്റി എന്ന എൻജിഒയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ജൂലൈ 13 രാത്രി ദമ്പതികളിലൊരാളുടെ കുടുംബാംഗത്തെ അജ്ഞാതർ ആക്രമിച്ചിരുന്നു. അവിടെ നിന്ന് കഷ്ടിച്ചാണ് സ്വവർഗ ദമ്പതികളും കുടുംബവും രക്ഷപ്പെട്ടത്. തുടർന്ന് തങ്ങൾക്ക് സുരക്ഷിതമായി താമസിക്കാൻ വീട് ആവശ്യമാണെന്ന് കാണിച്ച് ഡൽഹി പൊലീസിനെ സമീപിച്ചു. എന്നാൽ പൊലീസിൽ നിന്ന് നടപടി ഒന്നും ഇല്ലാതായതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
Also read: കർഷക സമരത്തില്‍ പരിഹാസ നാടകവും: പ്രതിഷേധ പാർലമെന്‍റ് രണ്ടാം ദിവസം