ന്യൂഡൽഹി : കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലെ ആരോഗ്യ പ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും വേതനം ഉറപ്പാക്കി ഡൽഹി സർക്കാർ. ഇതിനായി സർക്കാർ 1,051 കോടി രൂപ അനുവദിച്ചു. രാജ്യതലസ്ഥാനത്തെ ലോക്ക് ഡൗൺ പരിമിതികൾക്കിടയിലും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇതുസംബന്ധിച്ച് തീരുമാനമെടുത്തതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ ജീവനക്കാർക്ക് കൃത്യമായ ശമ്പളം ലഭിക്കണം. പല മുൻസിപ്പൽ കോർപ്പറേഷനുകളുടേയും മോശമായ പ്രവർത്തനം കാരണം ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും വേതനം ലഭിക്കുന്നില്ലെന്നും ആം ആദ്മി പാർട്ടി നേതാവ് ആരോപിച്ചു.
സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയെല്ലാം ബിജെപിയുടെ നേതൃത്വത്തിലുള്ള തദ്ദേശഭരണസ്ഥാപനങ്ങളാണ്. ഡൽഹി സർക്കാർ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് 1,051 കോടി രൂപയുടെ ഗ്രാന്‍റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയും. ഈസ്റ്റ് കോർപ്പറേഷന് 367 കോടി രൂപയും നോർത്ത് കോർപ്പറേഷന് 432 കോടി രൂപയും സൗത്ത് കോർപ്പറേഷന് 251 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
Also Read: കൊവിഡ് പ്രതിരോധം; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ധനസഹായം കൈമാറി കൂടുതല്‍ താരങ്ങള്‍
ജീവനക്കാരുടെ ശമ്പളം നൽകുന്നതിന് മാത്രമാണ് ഈ ഫണ്ട് ഉപയോഗിക്കുന്നതെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്ന് മന്ത്രി പറഞ്ഞു. അതേസമയം, മൂന്ന് കോർപ്പറേഷനുകളും സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് ഡൽഹി സർക്കാർ തുക അനുവദിച്ചതെന്ന് നോർത്ത് ഡൽഹി മേയർ ജയ് പ്രകാശ് അവകാശപ്പെട്ടു. മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളും മുഖ്യമന്ത്രിയോടും ലഫ്റ്റനന്‍റ് ഗവർണർറോടും ഫണ്ട് അനുവദിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ വെള്ളിയാഴ്ച 8,506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മാസത്തിനുശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000ത്തിന് താഴെയായി. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതാണ് രോഗബാധിതരുടെ എണ്ണം കുറയാൻ കാരണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനമാണെന്നും അധികൃതര്‍ അറിയിച്ചു.