ന്യൂഡൽഹി: കൊവിഡിനെതിരെ ആദ്യ ഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ ഡൽഹി തയ്യാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തുടക്കത്തിൽ 1.02 കോടി വാക്‌സിൻ ഡോസ് ആവശ്യമായി വരുമെന്നും കെജ്‌രിവാൾ അറിയിച്ചു. നിലവില്‍ കൊവിഡ് നിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്. രോഗമുക്തി നിരക്ക് വർദ്ധിക്കുകയും മരണനിരക്ക് കുറയുകയും ചെയ്‌തു. അതുകൊണ്ട് തന്നെ ഇപ്പോൾ സർക്കാരിന്‍റെ പ്രധാന പരിഗണന വാക്‌സിനാണ്.വാക്‌സിന്‍ സൂക്ഷിക്കാനും അത് ജനങ്ങൾക്ക് നൽകാനുമുള്ള എല്ലാ ക്രമീകരണങ്ങളും ഡൽഹി സർക്കാർ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്‍റെ മുൻഗണനാ ക്രമമനുസരിച്ച് ആദ്യം ആരോഗ്യ പ്രവർത്തകർക്കും രണ്ടാമത് പൊലീസ് ഉദ്യോഗസ്ഥർ, സിവിൽ വോളന്‍റിയർമാർ, മുനിസിപ്പൽ തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള മുൻനിര പോരാളികളും മൂന്നാമത് 50 വയസ്സിനു മുകളിലുള്ളവർക്കും ആണ് വാക്‌സിൻ നൽകുക. കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഈ മുൻഗണനാ വിഭാഗത്തിൽ തന്നെ ഡൽഹിയിൽ 51 ലക്ഷം ആളുകൾ ഉണ്ടെന്നും കെജ്‌രിവാൾ അറിയിച്ചു.