ന്യൂഡൽഹി : തലസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുകയാണെങ്കിൽ മെയ് 31ന് ശേഷം അൺലോക്ക് പ്രക്രിയ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 24 മണിക്കൂറിനുള്ളിൽ 1,600 പുതിയ കൊവിഡ് കേസുകളാണ് തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ പോസിറ്റിവിറ്റി നിരക്ക് 2.5 ശതമാനമായി കുറഞ്ഞുവെന്നും കെജ്‌രിവാൾ അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്: ആശ്വാസത്തോടെ ഡൽഹി: കൊവിഡ് കേസുകൾ കുറയുന്നു
കൊവിഡിന്‍റെ രണ്ടാം തരംഗം കണക്കിലെടുത്ത് തലസ്ഥാനത്ത് ഏപ്രിൽ 19 മുതല്‍ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ മൂന്ന് മാസത്തിനുള്ളിൽ തലസ്ഥാന ജനതയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ഡൽഹിക്ക് പ്രതിമാസം 80 ലക്ഷം കൊവിഡ് വാക്സിൻ ഡോസുകൾ ആവശ്യമാണെന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു.