ന്യൂഡല്‍ഹി: ഡൽഹി മദ്യനയ കേസില്‍ വിചാരണ നേരിടുന്ന അരബിന്ദോ ഫാർമ കമ്പനി ഡയറക്‌ടര്‍ ശരത് ചന്ദ്ര റെഡ്ഡി മാപ്പുസാക്ഷിയായി. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടെത്തിയ ശരത് ചന്ദ്ര റെഡ്ഡിയെ ഡല്‍ഹി റൗസ് അവന്യു കോടതിയാണ് മാപ്പുസാക്ഷിയായി അംഗീകരിച്ചത്. കേസില്‍ വിചാരണ നേരിടുന്ന ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളുമായ കെ കവിതയുടെ വിശ്വസ്ഥന്‍ കൂടിയാണ് ശരത് ചന്ദ്ര റെഡ്ഡി.
കേസില്‍ ശരത് ചന്ദ്ര റെഡ്ഡി: വിവിധ വ്യക്തികളും സംഘടനകളുമായും ചേർന്ന് സിൻഡിക്കേറ്റ് രൂപീകരിച്ച് സർക്കാർ റവന്യൂ സംവിധാനത്തെ അട്ടിമറിക്കുകയും അന്യായമായ മാർഗങ്ങളിലൂടെ പണം പിരിച്ചെടുക്കുകയും ചെയ്‌തുവെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ശരത് ചന്ദ്ര റെഡ്ഡിയെ കസ്‌റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇടക്കാല ജാമ്യം നേടിയ ഇദ്ദേഹം ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കീഴ്‌ക്കോടതിയെ സമീപിച്ചിരുന്നു. ഈ സമയം ഇതേകാരണം ചൂണ്ടിക്കാണിച്ച് ശരത് ചന്ദ്ര റെഡ്ഡി ജാമ്യം തേടി ഹൈക്കോടിയിലുമെത്തി. അങ്ങനെ ഇഡി ഫയല്‍ ചെയ്‌ത കേസില്‍ മെയ് ഒമ്പതിന് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.
കോടതി നടപടി പാര്‍ട്ടി നേതാവും എംഎല്‍സിയുമായ കെ കവിതയ്‌ക്കും ബിആര്‍എസിനും ഒരുപോലെ ആശ്വാസവും നല്‍കിയിരുന്നു. എന്നാല്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശരത് ചന്ദ്ര റെഡ്ഡിയെ ഇതേ കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ അറസ്‌റ്റ് ചെയ്‌തു. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിടുന്നത് ഇഡി അറസ്‌റ്റിനായി തയ്യാറെടുക്കുമ്പോഴാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ വ്യക്തമാക്കി ശരത് ചന്ദ്ര റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിചാരണ കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഹൈക്കോടതിയും ജാമ്യം അനുവദിക്കുന്നത്. കേസില്‍ വിചാരണ നേരിടുന്ന ഡല്‍ഹി കേന്ദ്രീകരിച്ചുള്ള രണ്ട് വ്യവസായികള്‍ക്ക് ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് ശരത് ചന്ദ്ര റെഡ്ഡിക്കും ജാമ്യം ലഭിക്കുന്നത്.
എന്താണ് ഡല്‍ഹി മദ്യനയ കേസ്: 2021ല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് മദ്യനയം പാസാക്കുന്നത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം ഡൽഹിയിൽ വ്യാജമദ്യമോ ഡ്യൂട്ടി അടയ്‌ക്കാത്ത മദ്യമോ വിൽക്കുന്നത് ഇല്ലാതാക്കുന്നതിനും ഒപ്റ്റിമൽ വരുമാനം ഉറപ്പാക്കുന്നതിനും വേണ്ടിയായിരുന്നു നയം രൂപീകരിച്ചതെന്നായിരുന്നു ഡൽഹി സർക്കാരിന്‍റെ വാദം. എന്നാല്‍ ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഈ മദ്യനയം രൂപപ്പെടുത്താനായി ഒരു 'സൗത്ത് ഗ്രൂപ്പ്' ഇടപെട്ടതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. നയം രൂപീകരിക്കാന്‍ മദ്യ വ്യവസായികളുള്‍പ്പെട്ട സൗത്ത് ഗ്രൂപ്പിലെ പ്രതിനിധിയാണ് കെസിആറിന്‍റെ പുത്രി കവിതയെന്നും ഇഡി ആരോപണം ഉന്നയിച്ചിരുന്നു. കവിതയെക്കൂടാതെ ഈ ഗ്രൂപ്പിൽ ശരത് റെഡ്ഡി (അരബിന്ദോ ഗ്രൂപ്പിന്‍റെ പ്രമോട്ടർ), മഗുന്ത ശ്രീനിവാസുലു റെഡ്ഡി (ഓംഗോൾ എംപി), അദ്ദേഹത്തിന്‍റെ മകൻ രാഘവ് മഗുന്ത എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. മാത്രമല്ല ഈ സൗത്ത് ഗ്രൂപ്പ് എഎപി നേതാക്കൾക്ക് 100 കോടി രൂപ നൽകിയതായും ഇഡി അറിയിച്ചിരുന്നു.
Also read: എന്തിനാണ് ഇഡിക്ക് ഇത്ര തിടുക്കം? പോര് 'മുറുക്കി' കെസിആറിന്‍റെ മകള്‍ കവിത