ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ ശുഭ സൂചന നല്‍കി ഡല്‍ഹിയിലെ കണക്കുകള്‍. രാജ്യതലസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6.89 ആയി കുറഞ്ഞുവെന്നും നില മെച്ചപ്പെട്ടുവെന്നും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതാണ് ഡല്‍ഹിയിലെ കൊവിഡ് നിരക്ക് കുറയാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ 28,000 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം 4,000 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. ഡല്‍ഹിയിലെ 27,000 ആശുപത്രി കിടക്കകളില്‍ 13,000 എണ്ണവും, 4500 തീവ്ര പരിചരണ സൗകര്യങ്ങളോട് കൂടിയ കിടക്കകളില്‍ 1200 എണ്ണവും ഒഴിഞ്ഞ് കിടക്കുകയാണ്. ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സൗത്ത് വെസ്റ്റ് ഡല്‍ഹിയില്‍ തന്നെയാണ് ഏറ്റവുമധികം പരിശോധനകളും നടത്തുന്നത്. ഇവിടെ കഴിഞ്ഞ നാല് ദിവസത്തിനിടെ കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also read: സിംഗപ്പൂരിലെ കൊവിഡ് പുതിയ വകഭേദം; ഡൽഹി മുഖ്യമന്ത്രിയ്‌ക്ക് വിദേശകാര്യ മന്ത്രിയുടെ ശാസന
18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നല്‍കാന്‍ കരുതിയിരുന്ന കൊവാക്‌സിന്‍റെ സ്റ്റോക്ക് കഴിഞ്ഞുവെന്നും അടുത്ത രണ്ട് ദിവസത്തേക്കുള്ള കൊവിഷീല്‍ഡ് വാക്‌സിനുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്കായി ഒരു ലക്ഷം ഡോസ് മരുന്നുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം, പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനം ആകാതെ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തില്ലെന്ന് സൂചന നല്‍കിയെങ്കിലും ലോക്ക്ഡൗണ്‍ എന്ന് അവസാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കൊവിഡ് വ്യാപനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏപ്രില്‍ 29 നാണ് രാജ്യ തലസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇന്നലെ 4,482 കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. കൊവിഡ് മുക്തി നിരക്ക് 94.79 ആയി ഉയര്‍ന്നു.