ന്യൂഡല്‍ഹി : മദ്യ നയ അഴിമതിക്കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാതെ വീണ്ടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇത് മൂന്നാം തവണയാണ് അദ്ദേഹത്തിന് ഇഡി സമന്‍സ് നല്‍കുന്നത്. ഇന്ന് ഹാജരാകണമെന്നാണ് ഇഡി നിര്‍ദേശിച്ചിരുന്നത് (Kejriwal skipped Ed notice Third time) കെജ്‌രിവാള്‍ ഇഡിയുമായി സഹകരിക്കാന്‍ തയാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
പക്ഷേ തന്നെ അറസ്റ്റ് ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് നോട്ടീസുകള്‍ നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നോട്ടീസ് ആണ് ഇതെന്ന് അദ്ദേഹം ആരോപിക്കുന്നു. നവംബറിലും ഇഡി അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതും കൃത്യമായ രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്നായിരുന്നു കെജ്‌രിവാളിന്‍റെ ആരോപണം.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ തടയുക എന്നതാണ് ഇതിന് പിന്നിലുള്ള ഉദ്ദേശ്യം. ഇഡിയുടെ നോട്ടീസ് നിയമവിരുദ്ധമാണ്. ഇഡി നോട്ടീസിനെതിരെ നിയമവഴികള്‍ തേടുന്നത് സംബന്ധിച്ച് ആം ആദ്‌മി പാര്‍ട്ടി ചർച്ച നടത്തുന്നുണ്ട്. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കേസിൽ നടപടി ഊർജ്ജിതമാക്കുകയാണ് അന്വേഷണ ഏജൻസികൾ.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജ്‌രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരം. കേസിൽ സഞ്ജയ് സിങ്ങിന്‍റെ അറസ്റ്റിന് പിന്നാലെയാണ് കെജ്‌രിവാളിലേക്ക് ഇഡി എത്തുന്നത്. സഞ്ജയ് സിങ്ങിലൂടെ ഡല്‍ഹി മുഖ്യമന്ത്രിയിലേക്ക് ഏജൻസികൾ വിരൽ ചൂണ്ടുമ്പോൾ അറസ്റ്റുണ്ടാകുമെന്ന പ്രചാരണം വ്യാപകമാണ്.
ഈ സാഹചര്യത്തിലാണ് ഉന്നത എഎപി നേതാക്കൾ ഡല്‍ഹിയിൽ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയത്. അറസ്റ്റ് ഉണ്ടായാലും രാജിവയ്ക്കരുതെന്ന് കെജ്‌രിവാളിനോട് നേതാക്കൾ ആവശ്യപ്പെട്ടുണ്ട്. കള്ളക്കേസിൽ കുടുക്കി ജയിലടയ്ക്കാനുള്ള ബിജെപി നീക്കം വിലപ്പോകില്ലെന്നാണ് നേതാക്കളുടെ പ്രതികരണം.
ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമം. ഇതിന്‍റെ ഭാഗമായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. നേരത്തെ ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയാണ് തനിക്ക് നോട്ടീസ് അയച്ചതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. സാക്ഷിയായാണോ പ്രതിയായാണോ താന്‍ ഹാജരാകേണ്ടതെന്ന് പോലും നോട്ടീസില്‍ ഉണ്ടായിരുന്നില്ല. തന്നെ വിളിച്ചതിനുള്ള കാരണവും സൂചിപ്പിച്ചിരുന്നില്ല. തന്നെ ഇഡി വിളിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും ചില നേതാക്കള്‍ പറഞ്ഞ ശേഷമാണ് നോട്ടീസ് ലഭിച്ചത്. ഇത് സംശയമുണര്‍ത്തുന്നതാണെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക തിരക്കുകളുണ്ടെന്നും അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ താരപ്രചാരകനായതിന്‍റെ സജീവതയുണ്ടെന്നുമായിരുന്നു കഴിഞ്ഞ തവണ അദ്ദേഹം ഇഡിയെ അറിയിച്ചിരുന്നത്.