ന്യൂഡൽഹി: എയിംസ് നഴ്‌സസ് യൂണിയൻ പ്രസിഡന്‍റ് ഹരീഷ് കജ്‌ലയെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച (ഏപ്രിൽ 26) മുതൽ നഴ്‌സിങ് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്. ഹരീഷ് കജ്‌ലയുടെ സസ്‌പെൻഷൻ എത്രയും വേഗം പിൻവലിക്കണമെന്നാണ് നഴ്‌സസ് യൂണിയന്‍റെ ആവശ്യം. ഇത് സംബന്ധിച്ച് എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയയ്‌ക്ക് യൂണിയൻ കത്തയച്ചു.
കൃത്യമായ കാരണങ്ങളില്ലാതെ ഹരീഷ് കജ്‌ലയെ സസ്‌പെൻഡ് ചെയ്യാനുള്ള ഏകപക്ഷീയ തീരുമാനത്തിന് പിന്നാലെ യൂണിയൻ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചതായി കത്തിൽ പറയുന്നു. യൂണിയൻ പ്രസിഡന്‍റിന്‍റെ സസ്‌പെൻഷൻ ഉടൻ പിൻവലിക്കണമെന്നും, യൂണിയൻ എക്‌സിക്യൂട്ടീവുകൾക്കും പ്രധാന ഓപ്പറേഷൻ തിയറ്ററിലെ (ഒടി) യൂണിയൻ അംഗങ്ങൾക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 26ന് രാവിലെ 8 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ യോഗം തീരുമാനിച്ചതായും കത്തിൽ വിശദമാക്കുന്നു.
ALSO READ:സിലിക്കണ്‍വാലിയില്‍ നഴ്‌സ് സമരം; പിന്തുണ വേണമെന്ന് യൂണിയന്‍
ഈ പ്രശ്‌നത്തിൽ തങ്ങളുടെ ആശങ്കകളും നിലപാടുകളും പ്രകടിപ്പിക്കാൻ യൂണിയൻ എപ്പോഴും സന്നദ്ധമാണ്. നിർഭാഗ്യവശാൽ, തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അനിശ്ചിതകാല പണിമുടക്കിന് നിർബന്ധിതരായിരിക്കുകയാണ്. അനന്തരഫലങ്ങൾ എന്തെങ്കിലുമുണ്ടായാൽ അതിന്‍റെ പൂർണ ഉത്തരവാദിത്വം എയിംസ് അഡ്‌മിനിസ്‌ട്രേഷനായിരിക്കുമെന്ന് ഓർമിപ്പിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു.
ഏപ്രിൽ 23ന് എയിംസിൽ നഴ്‌സിങ് ഓഫിസർ നഴ്‌സിങ് ഓഫിസർ ഹരീഷ് കജ്‌ലയും റസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷനും തമ്മിൽ തർക്കമുണ്ടായി. പ്രധാന ഓപ്പറേഷൻ തിയറ്ററിൽ ആളില്ലാത്തതും ഡ്യൂട്ടി സമയം വൈകിപ്പിച്ചതും ചൂണ്ടിക്കാട്ടി നഴ്‌സിങ് ജീവനക്കാർ പ്രതിഷേധത്തിലായിരുന്നു. സംഭവത്തിൽ സമൂഹമാധ്യമം വഴി പ്രതികരണമറിയിച്ചുകൊണ്ട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ റെസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു.
'എയിംസിനെ പുതിയ ഉയരങ്ങളിലേക്കെത്തിക്കാൻ ഡോക്‌ടർമാരും നഴ്‌സുമാരും പരസ്‌പര ബഹുമാനത്തോടെ യോജിച്ച് പ്രവർത്തിക്കുന്നു. നഴ്‌സുമാരുടെ നല്ല പരിചരണം കൂടാതെ രോഗികളുടെ സമഗ്രമായ ചികിത്സ സങ്കൽപ്പിക്കാൻ കഴിയില്ല. ആർഡിഎ എയിംസിന്‍റെ ശബ്‌ദം ഏതെങ്കിലും വ്യക്തിക്കോ യൂണിയനുകൾക്കോ എതിരല്ല, മറിച്ച് ഈ അന്യായമായ പെരുമാറ്റത്തിനെതിരാണ്' എന്നായിരുന്നു ഡോക്‌ടേഴ്‌സ് അസോസിയേഷൻ സമൂഹമാധ്യമത്തിൽ കുറിച്ചത്.