ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ സൈനിക മേധാവികളുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തുടർച്ചയായ രണ്ടാം ദിവസമാണ് കര, നാവിക, വ്യോമസേന മേധാവികളുമായി പ്രതിരോധ മന്ത്രി കൂടിക്കാഴ്‌ച നടത്തുന്നത്. എന്നാല്‍ യോഗം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നത് സംബന്ധിച്ചാണ് യോഗത്തില്‍ ചർച്ച ചെയ്യുന്നതെന്നാണ് വിവരം. നേരത്തെ പദ്ധതിക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ പ്രതിരോധ മന്ത്രാലയം അഗ്നിവീര്‍ അംഗങ്ങള്‍ക്ക് സൈനിക തസ്‌തികകളില്‍ 10 ശതമാനം സംവരണം പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര പൊലീസ് സേനയ്‌ക്ക് പുറമേ അസം റൈഫിള്‍സിലും പത്ത് ശതമാനം സംവരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധത്തിന് പിന്നാലെ സംവരണം: കോസ്റ്റ് ഗാർഡ് ഉള്‍പ്പടെ പ്രതിരോധ സേനകളുടെ തസ്‌തികകളിലാണ് അഗ്നിവീര്‍ അംഗങ്ങള്‍ക്ക് നിയമനം നല്‍കുക. പ്രതിരോധ രംഗത്തെ 16 പൊതുമേഖല സ്ഥാപനങ്ങളിലും ഈ സംവരണ ആനുകൂല്യം നടപ്പാക്കും. വിമുക്ത ഭടന്മാര്‍ക്ക് നിലവിലുള്ള സംവരണത്തിന് പുറമെ ആണിതെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ ഓഫിസ് അറിയിച്ചു.
ഇക്കാര്യം നടപ്പിലാക്കാന്‍ നിയമന ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തും. അതത് സ്ഥാപനങ്ങളോട് അവരുടെ നിയമനങ്ങളില്‍ സമാനമായ ഭേദഗതികൾ വരുത്താൻ നിർദേശിക്കും. പ്രായപരിധിയിൽ ആവശ്യമായ ഇളവുകളും ഏർപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പുതിയ പദ്ധതിയുടെ വിശദാംശങ്ങളുമായി വ്യോമസേന ഞായറാഴ്‌ച രംഗത്തെത്തിയിരുന്നു. നാവികസേനയും കരസേനയും സമാനമായ വിശദാംശങ്ങൾ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം. പുതിയ പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്‌മെന്‍റിന്‍റെ ആദ്യ ബാച്ചിനെ അടുത്ത വർഷം ജൂണോടെ വിന്യസിക്കാൻ പദ്ധതിയുണ്ടെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു.
Also read: video: അഗ്നിപഥ് പ്രതിഷേധം: യുപിയിലെ ജൗൻപൂരിൽ വാഹനങ്ങൾ അഗ്‌നിക്കിരയാക്കി