ചണ്ഡീഗഡ്: ജനങ്ങളുടെ ആഗ്രഹവും നാടിന്‍റെ വികസനവും കണക്കിലെടുത്ത് സംസ്ഥാനത്തെ 24-ാമത് ജില്ലയായി ബറ്റാലയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിക്ക് മന്ത്രിമാരുടെ കത്ത്. മുതിർന്ന നേതാക്കളായ ത്രിപത് രജീന്ദർ സിങ് ബജ്‌വ, സുഖ്‌ജീന്ദർ സിങ് രന്ധാവ എന്നിവരാണ് വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്. ചരിത്രപ്രസിദ്ധമായ ബറ്റാലയ്‌ക്ക് അർഹമായ ശ്രദ്ധ ഇതുവരെ ലഭ്യമായിട്ടില്ലെന്നും കത്തിൽ പറയുന്നു.
ഫത്തേഗഡ് ചുരിയൻ, ഹർഗോബിന്ദ്പൂർ എന്നീ ചരിത്രനഗരങ്ങളെ പുതിയ ജില്ലയുടെ ഉപവിഭാഗങ്ങളാക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. ചരിത്രവും, സംസ്‌കാരവും കൊണ്ട് സമ്പന്നമായ നഗരമാണ് ബറ്റാല. ബതിന്ദയ്‌ക്ക് ശേഷം 1465 ൽ രൂപീകൃതമായ ബറ്റാല പഞ്ചാബിലെ തന്നെ ഏറ്റവും പഴക്കമേറിയതും ജനസംഖ്യയിൽ സംസ്ഥാനത്തെ എട്ടാമത്തെ വലിയ നഗരമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ALSO READ: 'നെഹ്‌റുവിനെ ഇങ്ങനെ വെറുക്കുന്നതെന്തിന്' ; കേന്ദ്രത്തോട് ശിവസേന
മഹാരാജാ രഞ്ജിത് സിങ്ങിന്‍റെ കാലത്ത് ലാഹോറിനും അമൃത്സറിനും ശേഷം സിഖ് സാമ്രാജ്യത്തിലെ ഒരു പ്രധാന നഗരമായിരുന്നു ബറ്റാല. എന്നാൽ ഇത്രയേറെ പ്രാചീനമായ നഗരത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നും ബറ്റാലയെ സംസ്ഥാനത്തെ 24-ാമത് ജില്ലയായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ ഇരുനേതാക്കളും വ്യക്തമാക്കി.