മുംബൈ: മുകേഷ് അംബാനിക്കും കുടുംബത്തിനും എതിരെ വധഭീഷണിയും ബോംബാക്രമണ ഭീഷണിയും മുഴക്കിയ കേസിൽ ബിഹാർ സ്വദേശി മുംബൈ പൊലീസിന്‍റെ പിടിയിൽ. ബിഹാറിലെ ദർഭംഗ ജില്ലയിലെ മണിഗച്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിന് ശേഷം ഇയാളെ മുംബൈ പൊലീസ് മുംബൈയിലേക്ക് കൊണ്ടുപോയി.
പ്രതിയിൽ നിന്ന് ഒരു മൊബൈൽ ഫോൺ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മുകേഷ് അംബാനിയുടെ സർ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്ക് ബുധനാഴ്‌ച ഉച്ചയ്ക്ക് 12.57നാണ് അജ്ഞാത നമ്പറിൽ നിന്നും ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തെക്കന്‍ മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലെ ലാന്‍ഡ് ലൈന്‍ നമ്പറില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്.
റിലയൻസ് ആശുപത്രിയിലും മുകേഷ് അംബാനിയുടെ വസതിയായ ആന്‍റിലിയയിലും ബോംബ് ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി സന്ദേശം. ബുധനാഴ്‌ച വൈകുന്നേരം 5 മണിക്ക് ശേഷവും ഭീഷണി സന്ദേശം വന്നു. ആന്‍റിലിയ തകർക്കുമെന്നും മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവരെ കൊല്ലുമെന്നുമായിരുന്നു രണ്ടാമത്തെ ഭീഷണി സന്ദേശം. സംഭവത്തിൽ ബിഹാർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് ബിഹാർ പൊലീസിന്‍റെ സഹായത്തോടെ വ്യാഴാഴ്‌ച പുലർച്ചെ പ്രതിയെ പിടികൂടുകയായിരുന്നു.