ന്യൂഡൽഹി: പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസം കൂടി നീട്ടി കേന്ദ്ര സർക്കാർ. 2023 ജൂൺ 30 വരെയാണ് നിലവിൽ സമയം അനുവദിച്ചിട്ടുള്ളത്. നികുതിദായകർക്ക് സാവകാശം നൽകുന്നത് പരിഗണിച്ചാണ് സമയപരിധി നീട്ടിയത്.
നേരത്തെ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് മാർച്ച് 31വരെയാണ് സമയപരിധി നൽകിയിരുന്നത്. 1961ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം 2017 ജൂലൈ 1 ന് പാൻ കാർഡ് അനുവദിച്ചിട്ടുള്ളവർ ആധാർ നമ്പറുമായി അവരുടെ പാൻ കാർഡ് 2023 മാർച്ച് 31 നോ അതിന് മുൻപോ ഒരു നിശ്ചിത ഫീസ് അടച്ച് ബന്ധിപ്പിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
സർക്കുലർ പാലിച്ചില്ലെങ്കിൽ പാൻ പ്രവർത്തന രഹിതം: ഇതിന് ശേഷമാണ് നിലവിൽ സമയപരിധി കൂട്ടിയിട്ടുള്ളത്. അത്തരത്തിൽ ചെയ്യാത്ത പക്ഷം 2023 ജൂലൈ 1 മുതൽ ആധാർ നമ്പറും പാൻ നമ്പറും ബന്ധിപ്പിക്കാത്ത നികുതിദായകരുടെ പാൻ പ്രവർത്തനരഹിതമാകും. ഇതുവരെ 51 കോടിയിലധികം പാൻ കാർഡുകളാണ് ആധാറുമായി ലിങ്ക് ചെയ്‌തിട്ടുള്ളത്.
also read: പാൻകാര്‍ഡ് - ആധാര്‍ ബന്ധിപ്പിക്കല്‍: അന്ത്യശാസനവുമായി സെബി
സർക്കുലർ പാലിക്കേണ്ടത് അനിവാര്യം: വിപണി ഇടപാടുകളിൽ പ്രധാന തിരിച്ചറിയൽ നമ്പറായും കെവൈസി ആവശ്യങ്ങൾക്കുള്ള മാർഗമായും പെർമനന്‍റ് അക്കൗണ്ട് നമ്പർ ആണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് സെൻട്രൽ ബോർഡ് ഔഫ് ഡയറക്‌റ്റ് ടാക്‌സ് (സിബിഡിടി) ഇറക്കിയിട്ടുള്ള പാൻ കാർഡും ആധാറും ബന്ധിപ്പിക്കണമെന്ന നിലവിലെ സർക്കുലർ നിർബന്ധമായും പാലിക്കണമെന്ന് സെബി (സെക്യുരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അറിയിച്ചിട്ടുള്ളത്.
ആധാറും പരിഷ്‌കരിക്കണം: 2022 ഡിസംബറിൽ പത്ത് വർഷം കഴിഞ്ഞ ആധാർ കാർഡുകൾ പുതുക്കണമെന്ന് കേന്ദ്ര ഇലക്‌ട്രോണ്ക്‌സ് ആൻഡ് ഐടി മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് പുതിയ സർക്കുലർ. ആധാർ ഇഷ്യൂ ചെയ്‌ത് ഇതുവരെയും പുതുക്കാത്ത കാർഡുകളിലെ ഡാറ്റാബേസ് വിവരങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനാണ് ഇത്തരത്തിൽ നിർദേശം നൽകിയതെന്നാണ് യുഐഡിഎഐയുടെ വിശദീകരണം.
also read: വോട്ടർ ഐഡി ആധാർ കാർഡുമായി ബന്ധിപ്പിക്കൽ : സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ
ആധാർ നമ്പറും പ്രധാനമാണ്: നിലവിൽ കേന്ദ്ര സർക്കാരിന്‍റേതടക്കം 1,100 ലധികം സർക്കാർ പദ്ധതികളാണ് ആധാർ നമ്പറിനെ അടിസ്ഥാനമാക്കി നടക്കുന്നത്. മൈ ആധാർ പോർട്ടൽ മുഖേനയോ ആധാർ കേന്ദ്രത്തിൽ നേരിട്ടെത്തിയോ ഉപഭോക്താക്കൾക്ക് ആധാർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഐഡി പ്രൂഫും വിലാസം തെളിയിക്കുന്ന മറ്റൊരു രേഖയും കയ്യിൽ കരുതിയാൽ എളുപ്പത്തിൽ ആധാർ പരിഷ്‌കരിക്കാവുന്നതാണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം പറഞ്ഞു.
അതേസമയം വോട്ടർ ഐഡി ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2024 മാർച്ച് 31 വരെയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.
also read: ആധാര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രം ; പുതിയ പരിഷ്‌കാരങ്ങള്‍ എന്തൊക്കെയെന്നറിയാം